രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഷാഫി പറമ്പിലിന് പിന്തുണയുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തി. ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാവാണ് ഷാഫിയെന്നും യുഡിഎഫ് അധികാരത്തിലെത്തുന്നതില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് വലിയ പങ്കുണ്ടെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസിലേക്ക് വന്ന ആദ്യദിനം മുതല്‍ സ്വന്തം സഹോദരനെപ്പോലെ തന്നെ ചേര്‍ത്തുപിടിച്ച പ്രിയപ്പെട്ട സഹോദരനാണ് ഷാഫിയെന്നും സന്ദീപ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ പിന്തുണയും നല്‍കി നിഴല്‍പോലെ ഒപ്പം നിന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഷാഫിയുടെ ഊര്‍ജ്ജസ്വലതയും സന്ദീപ് പ്രശംസിച്ചു. വിശ്രമമില്ലാതെ അദ്ദേഹം കേരളത്തിലുടനീളം സഞ്ചരിച്ചു. തൃക്കരിപ്പൂരില്‍ നടന്ന ഷാഫിയുടെ റോഡ് ഷോ ഏകദേശം നാലര മണിക്കൂര്‍ നീണ്ടുനിന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനസാഗരമാണ് അവിടെ ഒഴുകിയെത്തിയത്.
102 സീറ്റുകളുടെ തിളക്കമാര്‍ന്ന വിജയവുമായി യുഡിഎഫ് കേരളം ഭരിക്കുമ്പോള്‍ ആ നേട്ടത്തിന് പിന്നില്‍ ഷാഫിയുടെ അക്ഷീണ പ്രയത്നത്തിന് വലിയ പങ്കുണ്ടെന്നും സന്ദീപ് കുറിച്ചു. അധികാരത്തിനപ്പുറം സാധാരണക്കാരുടെ ഹൃദയങ്ങളില്‍ ഇത്രയേറെ സ്നേഹത്തോടെ സ്ഥാനം നേടുന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ആ ജനകീയതയാണ് ഷാഫി പറമ്പിലിനെ വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെ റിജില്‍ മാക്കുറ്റിയും ഷാഫിക്ക് പിന്തുണ അറിയിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ സ്ഥാനമുള്ള നേതാക്കളില്‍ ഒരാളാണ് ഷാഫിയെന്ന് അദ്ദേഹം പറഞ്ഞു. എതിരാളികള്‍ക്ക് ആക്രമിക്കാന്‍ ഷാഫിയെ ഇട്ടുകൊടുത്ത എംപിയുടെ നടപടി പൈശാചികമാണെന്നും റിജില്‍ വിമര്‍ശിച്ചു. ഉണ്ണിത്താന് എതിരെ ഷാഫി എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞതായി അദ്ദേഹത്തിന് പോലും തെളിയിക്കാനാവില്ലെന്നും, പിന്നെ എന്തിനാണ് ഈ ക്രൂരത ചെയ്തതെന്നും റിജില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.







