സ്റ്റേഡിയങ്ങള്‍ എല്ലാവർക്കും തുറക്കുന്നു: ഡിജിറ്റല്‍ കാർഡ് പദ്ധതി ആലോചനയില്‍

സ്റ്റേഡിയങ്ങള്‍ എല്ലാവർക്കും തുറക്കുന്നു: ഡിജിറ്റല്‍ കാർഡ് പദ്ധതി ആലോചനയില്‍

തിരുവല്ല പബ്ലിക് സ്റ്റേഡിയം സന്ദർശിച്ച ശേഷം നടന്ന യോഗത്തില്‍ സംസാരിക്കവെ, കേരളത്തിലെ ഏത് സ്റ്റേഡിയവും ആർക്കും ഡിജിറ്റല്‍ കാർഡ് മുഖേന ഉപയോഗിക്കാവുന്ന പദ്ധതി പരിഗണനയിലാണെന്ന് കായികമന്ത്രി ഒ.ജെ. ജെനീഷ് അറിയിച്ചു.

കേരളത്തില്‍ നിരവധി സ്റ്റേഡിയങ്ങളുണ്ടെങ്കിലും അവ തദ്ദേശവകുപ്പിന്റെയും ജല അതോറിറ്റിയുടെയും കോളേജുകളുടെയും സ്‌കൂളുകളുടെയും കീഴിലായി ചിതറിക്കിടക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കായികവകുപ്പിന് കീഴിലുള്ള സ്റ്റേഡിയങ്ങളുടെ പരിപാലനമാണ് വകുപ്പ് നേരിട്ട് നിർവഹിക്കുന്നത്.

ഇവയെല്ലാം കണ്ടെത്തി എല്ലാവർക്കും ഉപയോഗിക്കാവുന്ന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കായികവകുപ്പ് ഓപ്പറേഷൻ കളരി എന്ന പദ്ധതിക്ക് തുടക്കമിട്ടു. സ്ഥലം ലഭ്യമായ ജില്ലകളില്‍ സ്റ്റേഡിയങ്ങളുടെ വികസനത്തിനായുള്ള എസ്റ്റിമേറ്റുകള്‍ തയ്യാറാക്കിവരികയാണ്.

തദ്ദേശീയരല്ലാത്തവർ ഗ്രൗണ്ട് ഉപയോഗിക്കുമ്പോള്‍ ചെറിയ തുക ഈടാക്കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ തുകയും ഗാലറികളില്‍ നിന്നുള്ള വരുമാനവും കായിക വിദ്യാർത്ഥികളുടെ പഠനസൗകര്യങ്ങള്‍ക്കും സ്റ്റേഡിയങ്ങളുടെ പരിപാലനത്തിനും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്വ. വർഗീസ് മാമ്മൻ എം.എല്‍.എ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.