ചേരാനല്ലൂര്‍ ബെന്‍സ് അപകടക്കേസില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി ജഡ്ജിക്കെതിരെ മൊഴി നല്‍കി. ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ടെത്തിയാണ് അവര്‍ മൊഴി നല്‍കിയത്.
കേസിലെ പ്രതിയായ 17 വയസ്സുകാരന്റെ പിതാവും വാഹനത്തിന്റെ ഉടമയുമാണ് ഈ ജഡ്ജി. തെളിവുകള്‍ നശിപ്പിച്ചു എന്നതാണ് ഭദ്രകീര്‍ത്തിയുടെ പരാതി. തനിക്കുള്ള സംശയങ്ങളെല്ലാം ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചതായി അവര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഭദ്രകീര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു.
മകനായ പ്രതിയെ രക്ഷിക്കാന്‍ പിതാവായ ജഡ്ജി ഇടപെട്ടു എന്നാണ് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിക്കുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ജഡ്ജി ശ്രമിച്ചു എന്നതാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസിപി മൊഴി രേഖപ്പെടുത്തി.
കഴിഞ്ഞ മാസം 25-ന് പുലര്‍ച്ചെയാണ് സംഭവം. ജഡ്ജിയുടെ മകനായ 17 വയസ്സുകാരന്‍ ഓടിച്ച ബെന്‍സ് കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ (55) മരിച്ചു. അപകടമുണ്ടാക്കിയ വിദ്യാര്‍ത്ഥി സ്ഥിരമായി കാര്‍ ഓടിക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു. അതിവേഗതയില്‍ കാര്‍ ഓടിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കാനാണ് രാത്രി വൈകി വാഹനവുമായി പുറത്തിറങ്ങിയതെന്നും പൊലീസ് പറയുന്നു.

