മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി.
കേസിന്റെ വിചാരണ പൂർത്തിയാകുന്നതിന് മുൻപുതന്നെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാമെന്നും കോടതി വ്യക്തമാക്കി. ലൈസൻസ് റദ്ദാക്കാനുള്ള അധികാരം ബന്ധപ്പെട്ട അധികൃതർ അപൂർവമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന ആശങ്കയും കോടതി രേഖപ്പെടുത്തി. മദ്യപിച്ച് വാഹനമോടിച്ചതിന് പ്രാഥമിക തെളിവുകൾ ലഭിച്ചാൽ ലൈസൻസിങ് അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും നിർദേശിച്ചു.
മദ്യപിച്ച് വാഹനമോടിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് ശക്തമായ മുന്നറിയിപ്പ് നൽകി. ഇത്തരം ഡ്രൈവിങ്ങിനിടെ ഒരാൾക്ക് പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ ഗുരുതരമായ ക്രിമിനൽ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ സാധ്യതയുണ്ടെന്നും, ദീർഘകാലം നീളുന്ന നിയമനടപടികളും കനത്ത ശിക്ഷയും നേരിടേണ്ടി വരുമെന്നും എംവിഡി ഓർമിപ്പിച്ചു.
മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരമാണ് മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കേസെടുക്കുന്നത്. ബ്രെത്ത് അനലൈസർ പരിശോധനയിലോ രക്തപരിശോധനയിലോ 100 മില്ലീലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാമിൽ കൂടുതൽ ആൽക്കഹോൾ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കാം.
അതേസമയം, സംസ്ഥാനത്തെ റോഡപകടങ്ങളും മരണനിരക്കും കുറയ്ക്കുന്നതിനായി സർക്കാർ രൂപീകരിച്ച കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്റെ പ്രഖ്യാപനം ഈ മാസം 15ന് നടക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. റോഡ് അപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കുന്നതിനായി വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് മിഷൻ രൂപീകരിച്ചിരിക്കുന്നത്.

