സംസ്ഥാനത്തെ 556 പൊലിസ് സ്റ്റേഷനുകളിൽ 548 എണ്ണത്തിലും സുപ്രീംകോടതി നിർദേശിച്ച സിസിടിവി സംവിധാനം നടപ്പാക്കിയതായി കേരള സർക്കാർ അറിയിച്ചു. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരം വ്യക്തമാക്കിയത്. ഇത് ഏകദേശം 98 ശതമാനം വരും.
കസ്റ്റഡി മർദനങ്ങൾ ഒഴിവാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിതത്തിനുള്ള സംരക്ഷണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിധി. 2020ൽ പരംവീർ സിംഗ് സെയ്നി വേഴ്സസ് ബല്‍ജീത് സിംഗ് കേസിലാണ് കോടതി ഈ നിർണായക വിധി പുറപ്പെടുവിച്ചത്.
പ്രവേശന, പുറത്തേക്കുള്ള കവാടങ്ങൾ, ലോക്കപ്പുകൾ, ഇടനാഴികൾ, റിസപ്ഷനുകൾ, ഉദ്യോഗസ്ഥരുടെ മുറികൾ, ശൗചാലയങ്ങൾക്ക് പുറത്തുള്ള ഭാഗങ്ങൾ, ഡ്യൂട്ടി ഓഫിസറുടെ മുറി, സ്റ്റേഷന്റെ പിൻഭാഗം എന്നിവിടങ്ങളിലെല്ലാം കാമറകൾ വേണമെന്നാണ് വിധിയിലെ വ്യവസ്ഥ.
548 സ്റ്റേഷനുകളിലായി ഓരോ സ്റ്റേഷനിലും 12 വീതം ആകെ 6576 കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സർക്കാർ വിവരാവകാശ മറുപടിയിൽ പറയുന്നു.ബാക്കിയുള്ള എട്ട് പൊലിസ് സ്റ്റേഷനുകളിൽ ഇതുവരെ കാമറകൾ സ്ഥാപിച്ചിട്ടില്ലെന്നും ഇതിനുള്ള ഭരണാനുമതിക്കായി കാത്തിരിക്കുകയാണെന്നും സർക്കാർ അറിയിച്ചു.
കഴിഞ്ഞ ഏപ്രിലിൽ പൊലിസ് സ്റ്റേഷനുകളിലെ പ്രവർത്തനരഹിതമായ കാമറകളെക്കുറിച്ചുള്ള കേസ് സുപ്രീംകോടതി സ്വമേധയാ പരിഗണിച്ചപ്പോൾ കേരളത്തിലെ സിസിടിവി സംവിധാനത്തെ കോടതി പ്രശംസിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങൾ എന്തുകൊണ്ട് കേരള മാതൃക പിന്തുടരുന്നില്ലെന്നും കോടതി ചോദിച്ചു.

