ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച അമ്മായിയമ്മയ്ക്ക് മരുമകന്റെ അടിയേറ്റ് ദാരുണാന്ത്യം

ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച അമ്മായിയമ്മയ്ക്ക് മരുമകന്റെ അടിയേറ്റ് ദാരുണാന്ത്യം

ഞായറാഴ്ച വൈകിട്ട് ഭരണിക്കാവ് ബസ്റ്റാൻഡിനു സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ഉണ്ടായ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്യാമള (65) പുലർച്ചെ മൂന്നു മണിക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. സംഭവത്തിൽ മരുമകൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ ശിവൻ (41) അറസ്റ്റിലായി.

ശിവനും ഭാര്യ രജനിയും മുതുപിലാക്കാട്ടാണ് താമസിച്ചിരുന്നത്. ഭർത്താവുമായുള്ള വഴക്ക് പതിവായതിനെത്തുടർന്ന് രജനി ഞായറാഴ്ച വൈകിട്ട് അമ്മ ശ്യാമളയുടെ വീട്ടിലെത്തി. ഇത് അറിഞ്ഞ ശിവൻ പിന്നാലെയെത്തി രജനിയുമായും ശ്യാമളയുമായും വാക്കുതർക്കമുണ്ടാക്കി.

ആക്രമിക്കാൻ വന്ന ശിവനിൽ നിന്ന് രക്ഷപ്പെടാൻ ഇരുവരും അയൽവീട്ടിലേക്ക് ഓടി. പിന്തുടർന്നെത്തിയ ശിവൻ തടിക്കഷ്ണം ഉപയോഗിച്ച് രജനിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ശ്യാമളയ്ക്ക് അടിയേറ്റുവെന്നാണ് പോലീസ് പറയുന്നത്.

തലപിളർന്ന് ഗുരുതരാവസ്ഥയിലായ ശ്യാമളയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആദ്യം ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അടൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. അവിടെ നിന്നാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശിവനെ മുതുപിലാക്കാട്ടുനിന്ന് പോലീസ് പിടികൂടി. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.