കരാറുകാരൻ സാജന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരെ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുമതി നൽകി. ഫയൽ മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്. ഇതോടെ തുടരന്വേഷണത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.
ആത്മഹത്യ ചെയ്ത ലീ സി ബിന്നിനോട് ഗ്യാനേഷ് കുമാർ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നാണ് സാജന്റെ വെളിപ്പെടുത്തൽ. ലീ പ്രോജക്ട് മാനേജറായിരുന്ന പതിബെൽ കമ്പനിയുടെ ഉപകരാറുകാരനായിരുന്നു സാജൻ. ഈ കമ്പനിയിൽനിന്ന് താൻ മെറ്റീരിയൽ സപ്ലൈ കരാർ ഏറ്റെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു.
കെഎസ്ടിപി കരാർ ഏറ്റെടുത്തിരുന്ന പതിബെൽ കമ്പനിക്ക് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ ബില്ലുകൾ മാറി നൽകിയില്ലെന്നും, ബിൽ മാറുന്നതിന് രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടുവെന്നും സാജൻ ആരോപിക്കുന്നു. ഇതിൽ കടുത്ത മനോവിഷമത്തിലായിരുന്നു ലീ സി ബിൻ എന്നും സാജൻ പറഞ്ഞു.
മലേഷ്യൻ എഞ്ചിനീയറായ ലീ സി ബിന്നിന്റെ ആത്മഹത്യയ്ക്ക് കാരണം ഗ്യാനേഷ് കുമാറാണെന്ന് സാജൻ ആരോപിച്ചു. ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടതായി ലീ തന്നോട് പറഞ്ഞിരുന്നതായും സാജൻ വ്യക്തമാക്കി. ചടയമംഗലത്ത് തന്റെ വീടിനു സമീപമായിരുന്നു ലീ താമസിച്ചിരുന്നത്.
വിജിലൻസിന്റെ ആദ്യ അന്വേഷണം ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും സാജൻ ആരോപിച്ചു.

