നീരജിന്റെ മരണം: ബാഹ്യസമ്മർദ്ദമെന്ന് ബന്ധുക്കൾ; പൊലീസ് അന്വേഷണം

നീരജിന്റെ മരണം: ബാഹ്യസമ്മർദ്ദമെന്ന് ബന്ധുക്കൾ; പൊലീസ് അന്വേഷണം

നീലേശ്വരം അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർഥി നീരജ് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. നീരജിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ബാഹ്യസമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

സംഭവ ദിവസം ആരോ ഫോണിൽ വിളിച്ചതിനെത്തുടർന്ന് നീരജ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയെന്ന് ബന്ധുക്കൾ പറയുന്നു. തിരികെ എത്തിയപ്പോൾ അവൻ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ഒരു സുഹൃത്ത് പറഞ്ഞതായും അവർ വെളിപ്പെടുത്തി. നടന്നുവരുന്ന നീരജിനോട് വണ്ടിയിൽ കയറുന്നോ എന്ന് സുഹൃത്ത് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ തല താഴ്ത്തി അവൻ നടന്നുപോയെന്നും സുഹൃത്ത് ബന്ധുക്കളോട് പറഞ്ഞു.

വീട്ടിൽ മടങ്ങിയെത്തിയതിന് ശേഷമാണ് നീരജ് ജീവനൊടുക്കിയത്. ഒരു പെൺകുട്ടിയുമായി അടുപ്പമുള്ളതിന്റെ പേരിൽ സ്കൂളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നതായി നീരജ് സഹോദരനോട് പറഞ്ഞിരുന്നു. ഒരു അധ്യാപകൻ മണിക്കൂറുകളോളം തന്നെ സ്റ്റോർ റൂമിൽ പൂട്ടിയിട്ടതായും അവൻ സഹോദരനെ അറിയിച്ചിരുന്നു. ഇതെല്ലാം കാരണം നീരജ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവംബർ ഒന്നിനാണ് നീരജിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.