അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ പ്രതി ചേർക്കപ്പെട്ടു

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ പ്രതി ചേർക്കപ്പെട്ടു

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതി ചേർത്തിട്ടുണ്ട്. ഇവർക്കെതിരെ അതിക്രമിച്ചു കയറൽ വകുപ്പും കൂടി ചുമത്തിയിട്ടുണ്ട്.യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെന്നി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരും ഈ കേസിലെ പ്രതികളാണ്. ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തെങ്കിലും അറസ്റ്റ് ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.

പൊലീസിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിന് ഇന്ന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മൂന്നു മാസത്തിനിടെ ഒരു നോട്ടീസ് പോലും പൊലീസ് നൽകിയിട്ടില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ജയകൃഷ്ണൻ യഥാർഥ പ്രതിയല്ലെന്നും അഭിഭാഷകൻ വാദിച്ചു. കേസിലെ ഒന്നാം പ്രതി ബിജു ഉണ്ണിത്താന് മുൻകൂർ ജാമ്യം ലഭിച്ചതും വാദത്തിൽ പ്രധാനമായി ഉയർത്തി. കഴിഞ്ഞ ദിവസമാണ് ജയകൃഷ്ണൻ പള്ളിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് സ്റ്റേഷനിലെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ, സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പറഞ്ഞിരുന്നു. അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം ഗൗരവമായാണ് സർക്കാർ കാണുന്നതെന്നും നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതിനോട് പ്രതികരിച്ച ശ്രീനാദേവി കുഞ്ഞമ്മ, മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങളാണെന്നും പറഞ്ഞു. കേസുകളെ നിയമപരമായി നേരിടുമെന്ന് അവർ വ്യക്തമാക്കി. അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്യുന്നതായും അവർ പറഞ്ഞു. പത്തനംതിട്ട ഡിസിസിക്ക് ഏതെങ്കിലും തരത്തിലുള്ള അതൃപ്തിയുള്ളതായി അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതിനിടെ, കേസിലെ പ്രതികളെയും കുറ്റപത്രത്തെയും കുറിച്ച് ഉടൻ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന പ്രതികളെ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ചർച്ചയായതോടെയാണ് പൊലീസ് നടപടികൾ വേഗത്തിലാക്കിയത്. മൂന്നു മാസം മുൻപെടുത്ത എഫ്.ഐ.ആറിൽ ഇതുവരെ തുടർനടപടികൾ ഉണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് ഡിജിപി പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിട്ടുണ്ട്.