ന്യൂനമർദ്ദങ്ങളും ചക്രവാതച്ചുഴികളും; കേരളത്തിൽ മഴ തിരികെ വരുന്നു

rain

നാളെ മുതൽ സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നാണ് പ്രവചനം.ഇന്ന് സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ല.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന അവസ്ഥയെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴ (ISOL. H) എന്ന് വിശേഷിപ്പിക്കുന്നത്.ഏഴാം തീയതി പത്തനംതിട്ട, കോട്ടയം ജില്ലകളിലും എട്ടാം തീയതി ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്.

തെലുങ്കാനയുടെ കിഴക്കൻ മേഖലയ്ക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിൽ ഒരു തീവ്ര ന്യൂനമർദ്ദം നിലയുറപ്പിച്ചിട്ടുണ്ട്. ഇത് വടക്കോട്ട് നീങ്ങി അടുത്ത ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ലക്ഷദ്വീപിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ഒരു ചക്രവാതച്ചുഴിയും, തെക്കൻ തമിഴ്‌നാടിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ എട്ടാം തീയതി വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റും ഉണ്ടാകാമെന്നും അറിയിച്ചു.