പമ്പയിൽ നിന്ന് കരിമടത്തേക്ക് സർവീസ് നടത്തിയ ബസിലെ കണ്ടക്ടർക്ക് അയ്യപ്പഭക്തരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സസ്പെൻഷൻ. RPC 694 ബസിലെ കണ്ടക്ടർ എം ആർ രാജേഷിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതോടെയാണ് നടപടി.
വാക്കേറ്റം മൂർച്ഛിച്ചതോടെ ബസ് ഏറെനേരം നിർത്തിയിടേണ്ടി വന്നു. ഒടുവിൽ പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം നടത്തിയത് കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗമാണ്.
ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് സുരക്ഷിതവും മാന്യവും സൗഹാർദ്ദപരവുമായ യാത്ര ഉറപ്പാക്കുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. തീർത്ഥാടകരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിലും സേവനത്തിലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും സമാന സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു.







