ചെന്നൈ: തേനി ജില്ലാ ജയിലില്‍നിന്ന് രക്ഷപ്പെട്ട 17 തടവുകാരെയും സംഭവം നടന്ന് 43 മണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടി. മീനാക്ഷി സുന്ദരം, തിരുപ്പതി, പൊൻമുത്തു സെല്‍വൻ, റിജിൻ എന്നിവരെക്കൂടി ഇന്നലെ കസ്റ്റഡിയിലെടുത്തതോടെയാണ് രക്ഷപ്പെട്ടവരുടെ പട്ടിക പൂർത്തിയായത്.
ജയിലിനു സമീപത്തെ അമച്ചിയാപുരം കുന്നുകളില്‍നിന്ന് ഏറെ പണിപ്പെട്ടാണ് ഇവരെ പിടികൂടിയത്. ഇവരെ കണ്ടെത്താനായി സൗത്ത് സോണ്‍ ഐജി വിജയേന്ദ്ര ബിദാരിയുടെ നേതൃത്വത്തില്‍ 17 സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്.
തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു തടവുകാർ ജയില്‍ ചാടിയത്. തടവുകാരില്‍ ഒരാള്‍ക്ക് അപസ്മാരമുണ്ടായെന്ന് തെറ്റിദ്ധരിപ്പിച്ച് വാർഡർമാരെ അടുത്തെത്തിച്ച ശേഷം അവരെ ക്രൂരമായി മർദിച്ചാണ് സംഘം കടന്നുകളഞ്ഞത്.
തേനി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ തോക്ക് ഉപയോഗിക്കാന്‍ ജയില്‍ വാർഡർമാർക്ക് അധികൃതർ അനുമതി നല്‍കി.

