ചേരാനല്ലൂർ വാഹനാപകട കേസിൽ ജഡ്ജിയെ അന്വേഷണസംഘം ഇന്ന് വീണ്ടും വിശദമായി ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് പൊലീസ് ക്ലബ്ബിൽ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ജഡ്ജി നൽകിയ മൊഴിയും ഇതുവരെ ലഭിച്ച തെളിവുകളും മുൻനിർത്തിയായിരിക്കും ചോദ്യം ചെയ്യൽ.
ജഡ്ജിയും മകനും നൽകിയ മൊഴികൾ പരസ്പരം രക്ഷപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നാണ് വിലയിരുത്തൽ. ഇരുവരുടെയും മൊഴികൾ അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
മകന് ഡ്രൈവിങ് അറിയാമെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ജഡ്ജി പൊലീസിനോട് പറഞ്ഞത്. മകൻ എങ്ങനെയാണ് ഡ്രൈവിങ് പഠിച്ചതെന്നോ രാത്രിയിൽ കാറുമായി പുറത്തുപോകുന്നുണ്ടെന്നോ അറിഞ്ഞിരുന്നില്ലെന്നും ജഡ്ജി മൊഴി നൽകി.
യൂട്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്നും അച്ഛനും അമ്മയും അറിയാതെയാണ് കാർ എടുത്തുകൊണ്ടുപോയതെന്നും 17 വയസ്സുകാരനായ മകൻ അന്വേഷണസംഘത്തോട് പറഞ്ഞു. ഇതുവരെ രണ്ടു തവണ മാത്രമാണ് കാറുമായി പോയതെന്നും രണ്ടു തവണയും മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും മകൻ വ്യക്തമാക്കി. ഈ മൊഴിയിൽ തന്നെ ഉറച്ചുനിൽക്കുകയാണ് കുട്ടി.
സെക്യൂരിറ്റി ജീവനക്കാരനും രക്ഷപ്പെടാനുള്ള തരത്തിലുള്ള മൊഴിയാണ് നൽകിയത്. കാർ ഓടിക്കുന്നത് ആരാണെന്ന് താൻ നോക്കാറില്ലെന്നാണ് സെക്യൂരിറ്റി പറഞ്ഞത്.
വീട്ടിൽ നിന്ന് പിടിച്ചെടുത്ത ബൈക്കും കേസിൽ നിർണായകമാണ്. അതിനിടെ, ജഡ്ജി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.

