ഹൈക്കോടതി കടുപ്പിച്ചു, സതീഷ് അകത്തായി; ഒളിവിലുള്ള ഹരിക്കായി വലവിരിച്ച് ക്രൈംബ്രാഞ്ച്

ഹൈക്കോടതി കടുപ്പിച്ചു, സതീഷ് അകത്തായി; ഒളിവിലുള്ള ഹരിക്കായി വലവിരിച്ച് ക്രൈംബ്രാഞ്ച്

പി എസ് സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട്ടെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് എസ്ഐടിയും നടപടികൾ ശക്തമാക്കിയത്. കഴിഞ്ഞ വർഷം വിരമിച്ച ഉദ്യോഗസ്ഥനാണ് സതീഷ്.

ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് നിയമന പരീക്ഷയുടെ മൂല്യനിർണയ ചുമതല സതീഷിനും അഡീഷനൽ സെക്രട്ടറി ആർ ഹരിക്കുമായിരുന്നു. ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകൾ ഓൺ സ്ക്രീൻ വഴിയാണ് മൂല്യനിർണയം നടത്തിയത്. ഇതിൽ 58 മാർക്കിനുള്ള 10 ചോദ്യങ്ങൾ ഒഴിവാക്കിയതായി കണ്ടെത്തി. ഗുരുതര വീഴ്ചയുണ്ടായെന്ന് വ്യക്തമായതോടെയാണ് ഇരുവരെയും പ്രതിചേർത്തത്.

കേസിൽ പ്രതിയായ ഹരി ഒളിവിലാണ്. ഇയാൾക്കായി ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊർജിതമാക്കി. ഹരി സംസ്ഥാനം വിടാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.

എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ച അരുൺ ജെ പ്രതാപ് എന്ന ഉദ്യോഗാർത്ഥിയെ ഒന്നാം റാങ്കുകാരനാക്കാനാണ് മൂല്യനിർണയത്തിൽ ഉദ്യോഗസ്ഥർ അട്ടിമറി നടത്തിയത്. ഉന്നത സ്വാധീനത്തിന്റെ ഫലമായാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച പി എസ് സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യണമോ എന്ന കാര്യത്തിൽ, അദ്ദേഹത്തിന്റെ മൊഴികൾ പരിശോധിച്ച ശേഷമാകും തീരുമാനം. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത മറ്റ് പരീക്ഷ ക്രമക്കേടുകളെക്കുറിച്ചും അന്വേഷണം തുടരുകയാണ്.