സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കാണാൻ വഴിയൊരുങ്ങി. അടുത്ത മാസം മുതൽ മാർച്ച് വരെ 164.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങുന്നതിന് കെ എസ് ഇ ബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി.
രാത്രി 12 മുതൽ പുലർച്ചെ 5 വരെയുള്ള സമയത്ത്, യൂണിറ്റിന് ശരാശരി 8 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബിക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനായി 131.26 കോടി രൂപ ചെലവഴിക്കാം.ജലവൈദ്യുതി പദ്ധതികളിലെ വെള്ളം വേനൽക്കാലത്തേക്ക് സംഭരിച്ചു വയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹ്രസ്വകാല കരാറുകൾക്ക് അനുമതി നൽകിയതെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.
അതേസമയം, പീക്ക് സമയത്തിനും ഓഫ് പീക്ക് സമയത്തിനുമായി സമർപ്പിച്ച മറ്റ് ഹ്രസ്വകാല കരാർ അപേക്ഷകൾ കമ്മീഷൻ തള്ളി. സിന്നാർ താപനിലയത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം.മാർച്ചിലും ഏപ്രിലിലും പീക്ക് സമയത്ത് യൂണിറ്റിന് 13.89 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനായിരുന്നു കെ എസ് ഇ ബി അപേക്ഷ സമർപ്പിച്ചിരുന്നത്.

