ബദൽ മോക്ക് പാർലമെന്റ് ഒരുങ്ങുന്നു; ഇന്ത്യാ സഖ്യവുമായി നേർക്കുനേർ

ബദൽ മോക്ക് പാർലമെന്റ് ഒരുങ്ങുന്നു; ഇന്ത്യാ സഖ്യവുമായി നേർക്കുനേർ

ഇന്ത്യാ സഖ്യത്തിന്റെ മോക്ക് പാർലമെന്റിനെ നേരിടാൻ ദില്ലിയിൽ ഒരു ബദൽ മോക്ക് പാർലമെന്റ് സംഘടിപ്പിക്കുന്നു. എൻ ഡി എം സി കണ്വെൻഷൻ സെന്ററിൽ സിറ്റിസൺ ഫോർ ഡെമോക്രസി എന്ന സംഘടനയാണ് ഈ പരിപാടി നടത്തുന്നത്.

ഇന്ത്യാ സഖ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുന്ന അതേ സമയത്താണ് ഈ പരിപാടി നടക്കുക. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് എം പിമാരുടെ ജനാധിപത്യ വിരുദ്ധത തുറന്നുകാട്ടുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിക്ക് ബി ജെ പിയുടെ പിന്തുണയുണ്ടെന്നാണ് സൂചന.

അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നാളെ ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക പരസ്യ വിചാരണ നടക്കും. രാംലീല മൈതാനത്തും ദില്ലിയിലെ അശോക ഹോട്ടലിലും അനുമതി നിഷേധിച്ചതോടെയാണ് വിചാരണ ഖർഗെയുടെ വീടിന് മുന്നിലെ പുൽത്തകിടിയിലേക്ക് മാറ്റിയത്. ഇന്ത്യാ സഖ്യ എം പിമാർക്കു പുറമെ സഖ്യകക്ഷി നേതാക്കൾ, വിരമിച്ച ജഡ്ജിമാർ, പൗരാവകാശ പ്രവർത്തകർ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

നവംബർ ഒന്നിലെ റാലി മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഒരു വ്യാപാരി സംഘടന അഖിലേഷ് യാദവ്, മമത ബാനർജി തുടങ്ങിയ നേതാക്കൾക്ക് കത്തയച്ചു. രാഹുൽ ഗാന്ധിക്ക് മൂന്ന് തവണ കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും സംഘടന പറയുന്നു.

രാംലീല മൈതാനത്തെ ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയെ മുൻനിർത്തി ആഭ്യന്തര മന്ത്രാലയവും ദില്ലി പൊലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുമാണ് പ്രതിപക്ഷ പാർട്ടികൾ റാലി സംഘടിപ്പിക്കുന്നത്. ഇതിനായി 3,000-ത്തോളം ദില്ലി പൊലീസ് ഉദ്യോഗസ്ഥരെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിക്കും. നിരീക്ഷണത്തിന് 150-ലേറെ എ ഐ അധിഷ്ഠിത സി സി ടി വി ക്യാമറകളും താൽക്കാലിക കൺട്രോൾ റൂമുകളും സ്ഥാപിച്ചു. സുരക്ഷയ്ക്കായി മൈതാനവും പരിസരവും 8 റീജിയണുകളായും 14 സോണുകളായും തിരിച്ചിട്ടുണ്ട്.

വൈകുന്നേരം 5 മണിക്കു മുൻപ് റാലി അവസാനിപ്പിച്ച് പ്രവർത്തകർ പിരിഞ്ഞുപോകണമെന്ന് ദില്ലി പൊലീസ് കർശന നിർദേശം നൽകി. മൈതാനത്ത് രാത്രി തങ്ങാനോ മറ്റ് കേന്ദ്രങ്ങളിലേക്ക് മാർച്ച് ചെയ്യാനോ അനുമതിയില്ല. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് റാലിക്കെത്തുന്ന പ്രവർത്തകർക്കായി പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് കോൺഗ്രസ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.