വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി പ്രോസിക്യൂഷൻ തെളിയിച്ചാൽ, അതിന്റെ നിയമപരമായ ഉറവിടം വ്യക്തമാക്കേണ്ട ചുമതല പ്രതിക്കു മാത്രമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രതിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തേണ്ടതില്ലെന്നും പരമോന്നത നീതിപീഠം പറഞ്ഞു.
കേരളത്തിലെ മുൻ സബ് രജിസ്ട്രാർ നൽകിയ അപ്പീൽ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ഒരു പൊതുപ്രവർത്തകന്റെയോ ഉദ്യോഗസ്ഥന്റെയോ വരുമാന സ്രോതസുകൾ രേഖകളിൽ ഇല്ലെങ്കിൽ, അതിനെക്കുറിച്ച് അന്വേഷിക്കേണ്ട ബാധ്യത അന്വേഷണ ഏജൻസികൾക്കില്ലെന്നും കോടതി പറഞ്ഞു. പ്രോസിക്യൂഷൻ അടിസ്ഥാന വിവരങ്ങൾ തെളിയിച്ചാൽ, അധികമായി വന്ന സ്വത്തിന്റെ കൃത്യമായ ഉറവിടം വിശ്വസനീയമായ തെളിവുകൾ സഹിതം വെളിപ്പെടുത്തേണ്ടത് പ്രതിയുടെ ഉത്തരവാദിത്തമാണ്.
1993 ജനുവരി മുതൽ 2001 ജനുവരി വരെയുള്ള കാലയളവിൽ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ഹൈക്കോടതി നൽകിയ ശിക്ഷാവിധിക്കെതിരെയാണ് മുൻ സബ് രജിസ്ട്രാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി തള്ളിയ സുപ്രീംകോടതി, രണ്ടാഴ്ചയ്ക്കകം വിചാരണക്കോടതിയിൽ കീഴടങ്ങി ബാക്കി ശിക്ഷ അനുഭവിച്ചു തീർക്കാൻ പ്രതിയോട് നിർദേശിച്ചു.

