കൊച്ചിയിലെ ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ ഇന്ന് പ്രത്യേക കോടതി പരിഗണിക്കും. കുട്ടികളുടെയും സ്ത്രീകളുടെയും കേസുകൾ കൈകാര്യം ചെയ്യുന്ന അഡിഷണൽ സെഷൻസ് കോടതിയാണ് ഈ അപേക്ഷ പരിഗണിക്കുന്നത്.
ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ പ്രതിയായ പതിനേഴുകാരന്റെ കുടുംബത്തോട് മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം, ജയ ബാലകൃഷ്ണന്റെ കുടുംബം കേസിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷ കോടതി സ്വീകരിച്ചിട്ടുമുണ്ട്.
അമിത വേഗത്തിൽ കാറോടിക്കുന്നതിന്റെ മൂന്ന് ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. മണിക്കൂറിൽ 104 കിലോമീറ്റർ വേഗത്തിൽ വരെ വാഹനം ഓടിച്ചിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. പതിനേഴുകാരനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും, ഇയാൾ എങ്ങനെയാണ് വാഹനം ഓടിക്കാൻ പഠിച്ചതെന്ന് അറിയണമെന്നും പൊലീസ് വാദിച്ചു.

