ഞായറാഴ്ചകളിലും പാസ്‌പോർട്ട് വിതരണം

ഞായറാഴ്ചകളിലും പാസ്‌പോർട്ട് വിതരണം

അബൂദബിയിലെ ഇന്ത്യൻ എംബസിയുടെയും ദുബൈയിലെ കോൺസുലേറ്റിന്റെയും നിർദേശപ്രകാരം അൽ ഹിന്ദ് ഗ്ലോബൽ സർവീസസിന് കീഴിലുള്ള രാജ്യത്തെ 16 കേന്ദ്രങ്ങളിലും ഈ പുതിയ സേവനം ലഭ്യമാക്കിത്തുടങ്ങി.ഞായറാഴ്ചകളിൽ രാവിലെ പത്ത് മുതൽ ഉച്ചക്ക് 12 വരെയാണ് കൗണ്ടറുകൾ പ്രവർത്തിക്കുക. കേന്ദ്രങ്ങളുടെ ഔദ്യോഗിക അവധിദിനമായതിനാൽ ഞായറാഴ്ചകളിൽ പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്നും, നേരത്തെ പ്രോസസ്സ് ചെയ്ത് എത്തിയ പാസ്പോർട്ടുകൾ നേരിട്ട് കൈപ്പറ്റുന്നതിന് മാത്രമായാണ് കൗണ്ടർ തുറക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയാണ് കേന്ദ്രങ്ങളുടെ സാധാരണ പ്രവർത്തന സമയം.പ്രവൃത്തിദിനങ്ങളിൽ ജോലിത്തിരക്കുകൾ കാരണം നേരിട്ടെത്താൻ കഴിയാത്തവർക്കും വാരാന്ത്യങ്ങളിൽ കൊറിയർ വഴി ലഭിക്കുന്നതിനായി കാത്തുനിൽക്കാൻ സാധിക്കാത്തവർക്കും പുതിയ തീരുമാനം ഏറെ ആശ്വാസകരമാകും. അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്കും, പുതിയ വിസ, എമിറേറ്റ്‌സ് ഐ ഡി എന്നിവ അടിക്കുന്നതിനായി പാസ്പോർട്ട് തിരികെ ആവശ്യമുള്ളവർക്കും അവധി ദിനത്തിൽ തന്നെ നേരിട്ടെത്തി രേഖകൾ വാങ്ങാം.

തുടക്കത്തിലുണ്ടായ സാങ്കേതിക തടസ്സങ്ങളും കാലതാമസങ്ങളും പൂർണമായി പരിഹരിച്ചതായി എംബസി അറിയിച്ചു. നിലവിൽ അപേക്ഷകളുടെ ബാക്ക്ലോഗുകൾ 100 ശതമാനവും തീർപ്പാക്കിയിട്ടുണ്ട്. അപ്പോയിന്റ‌്മെന്റുകൾ സുഗമമായി ലഭ്യമാകുന്നതോടെ കേന്ദ്രങ്ങളിലെ കാത്തിരിപ്പ് സമയം കുറഞ്ഞു. ആദ്യ മാസത്തിൽ (ജൂലൈ 22 മുതൽ ആഗസ്റ്റ് 22 വരെ) 44,000 പാസ്പോർട്ട് അപേക്ഷകൾ ഉൾപ്പെടെ 53,000-ത്തിലധികം സേവനങ്ങളാണ് 16 കേന്ദ്രങ്ങളിലായി കൈകാര്യം ചെയ്തത്