വിജയ്‌‌യുടെ ടിവികെ സര്‍ക്കാര്‍ ഏതുസമയത്തും താഴെവീഴും അതിനാല്‍ ഡിഎംകെ പ്രവർത്തകർ തയാറായിരിക്കണം: എം.കെ.സ്റ്റാലിൻ

വിജയ്‌‌യുടെ ടിവികെ സര്‍ക്കാര്‍ ഏതുസമയത്തും താഴെവീഴും അതിനാല്‍ ഡിഎംകെ പ്രവർത്തകർ തയാറായിരിക്കണം: എം.കെ.സ്റ്റാലിൻ

സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഏതുസമയത്തും താഴെവീണേക്കാമെന്നും അതിനാല്‍ ഡിഎംകെ പ്രവർത്തകർ തയാറായിരിക്കണമെന്നും മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ. ചെന്നൈയില്‍ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാനായി വിളിച്ചുചേർത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2029ല്‍ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ടെന്നു പറഞ്ഞ സ്റ്റാലിൻ പാർട്ടിയുടെ നേതാവെന്ന നിലയില്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണെന്നും കൂട്ടിച്ചേർത്തു. ‘‘തെരഞ്ഞെടുപ്പ് പരാജയത്തില്‍ പല ഭാരവാഹികളും പരസ്പരം പഴിചാരുകയാണ്. അതുവേണ്ട, പാർട്ടിയുടെ നേതാവെന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. പരാജയ കാരണം കണ്ടെത്തി 20 ദിവസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

ഉന്നതതല അന്വേഷണ സമിതി സംസ്ഥാനത്തുടനീളം സഞ്ചരിച്ച്‌ വിവരങ്ങള്‍ ശേഖരിക്കും. ഓരോ മണ്ഡലത്തിലും എല്ലാ തലത്തിലുമുള്ള ഭാരവാഹികളില്‍നിന്നും വിവരങ്ങള്‍ തേടും. റിപ്പോർട്ട് കിട്ടിയാലുടൻ അതനുസരിച്ച്‌ നടപടികളുണ്ടാകും’’- സ്റ്റാലിൻ പറഞ്ഞു.