വിഴിഞ്ഞം: വേളാങ്കണ്ണിയിലേക്ക് പുറപ്പെട്ട ഏഴുപേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് നാലുപേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. നെല്ലിമൂട് കുഴിപ്പറച്ച ഷീജാ ഭവനില്‍ രാഹുല്‍ (28), കുഴിപ്പറച്ച വിളയില്‍ ഷാജു നാഥ് (30), കല്ലയം വിനയ നഗർ നടേശ വിലാസത്തില്‍ ജയപ്രസാദ് (33), നെല്ലിമൂട്കുഴി വിളകോണത്തില്‍ രാജേഷ് (30) എന്നിവരാണ് മരിച്ചത്. കോട്ടുകാല്‍ തേരിവിള വീട്ടില്‍ സുനില്‍ (35), കഴിവൂർ കല്ലുമല പ്ലാവിലമേലെ പുത്തൻവീട്ടില്‍ സാബു (30), കഴിവൂർ കല്ലുമല ബി.കെ. മന്ദിരത്തില്‍ രജനീഷ് (44) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ് റോഡില്‍ കിടന്ന മൂന്ന് പേരെ സമീപവാസികള്‍ രക്ഷപ്പെടുത്തി ആംബുലൻസില്‍ തിരുതുറൈപൂണ്ടി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരെ തിരുവാരൂർ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് തിരുവാരൂർ ജില്ലയിലെ മുത്തുപേട്ടയ്ക്കടുത്ത് ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഇവർ സഞ്ചരിച്ച വാനും നാഗപട്ടണത്തുനിന്ന് ഏർവാടിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് സർക്കാർ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. വീരയൂർ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. തിരുവാരൂർ എസ്പി കരുണ്‍ കാരാട്ട് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി.






