ജീവൻ പണയംവച്ച് സമരം: വളർമതിയുടെ ആരോഗ്യനില ഗുരുതരം

ജീവൻ പണയംവച്ച് സമരം: വളർമതിയുടെ ആരോഗ്യനില ഗുരുതരം

നിരാഹാരം ഇരുപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റാങ്ക് പട്ടികയിൽനിന്ന് നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥി വളർമതി ഇപ്പോൾ ഐസിയുവിലാണ്. ഇന്നലെ ശാരീരിക അസ്വസ്ഥതകളെത്തുടർന്നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യനില മോശമായതായി ആശുപത്രി അധികൃതരും അറിയിച്ചു. ഭക്ഷണം കഴിക്കാതിരുന്നാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് ആർഎംഒ മുന്നറിയിപ്പ് നൽകി. നിലവിൽ ഐവി ഫ്ലൂയിഡ് നൽകുന്നുണ്ട്. കൈയിൽ നീരുവന്നതിനാൽ ഡ്രിപ് ഇടാൻ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായും സമരത്തിൽ പങ്കെടുക്കുന്ന ജയകൃഷ്ണൻ പറഞ്ഞു.

ആവശ്യങ്ങൾ അംഗീകരിച്ചു നടപ്പാക്കുന്നതുവരെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് വളർമതി ഉറച്ചുനിൽക്കുന്നതായി ജയകൃഷ്ണൻ പറഞ്ഞു. ആവശ്യത്തിനായി ജീവൻ നൽകാൻ വരെ അവർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തെക്കുറിച്ച് പൊതുജനങ്ങളെയും മാധ്യമങ്ങളെയും സർക്കാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചു. ഡിവിഷൻ കുറഞ്ഞ സ്കൂളുകളിലെങ്കിലും റേഷ്യോ കുറയ്ക്കൽ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പോലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ വീണ്ടും സ്ഥാപിച്ചതിനാണ് ഡിവൈഎഫ്ഐക്കും എൽപിഎസ്ടി സമരസമിതിക്കുമെതിരെ കേസെടുത്തത്. കഴിഞ്ഞ രാത്രി പോലീസ് പന്തൽ അഴിച്ചുമാറ്റിയെങ്കിലും മണിക്കൂറുകൾക്കകം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വീണ്ടും കെട്ടി. പോലീസിനെ തടഞ്ഞതിന് യുവമോർച്ച പ്രവർത്തകർക്കെതിരെയും പ്രത്യേക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.