മെസിയുടെ പേരില്‍ പണമൊഴുക്ക്: ആയിരത്തോളം അക്കൗണ്ടുകള്‍ സംശയ നിഴലില്‍

മെസിയുടെ പേരില്‍ പണമൊഴുക്ക്: ആയിരത്തോളം അക്കൗണ്ടുകള്‍ സംശയ നിഴലില്‍

മെസി-അര്‍ജന്റീന സന്ദര്‍ശന സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. കേസിലെ പ്രധാന കണ്ണിയായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ ഫോറന്‍സിക് ഓഡിറ്റിങ് നടത്താന്‍ സംഘം തീരുമാനിച്ചു.

പണത്തിന്റെ ഉറവിടവും യഥാര്‍ത്ഥ ഗുണഭോക്താക്കളെയും കണ്ടെത്തുന്നതിനാണ് ഈ നീക്കം. ഇതിനൊപ്പം കമ്പനിക്ക് പണം നല്‍കിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും ഫോറന്‍സിക് ഓഡിറ്റിങ്ങിലൂടെ വിശദമായി പരിശോധിക്കും.

സ്‌പോണ്‍സര്‍ഷിപ്പ് ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ ആയിരത്തോളം അക്കൗണ്ടുകളില്‍ നിന്നാണ് ആന്റോ അഗസ്റ്റിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ പണം കൈമാറിയവരില്‍ പലരും നിലവില്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. ഇവരില്‍ പലര്‍ക്കും സംശയകരമായ പശ്ചാത്തലമുണ്ടെന്നും മെസിയുടെ സന്ദര്‍ശനത്തെ മറയാക്കി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചിരിക്കാമെന്നുമാണ് എസ്‌ഐടിയുടെ പ്രാഥമിക നിഗമനം.

മത്സരത്തിന്റെ പേരില്‍ ആന്റോ അഗസ്റ്റിന്‍ വ്യാപകമായി ഫണ്ട് ശേഖരിച്ചതായാണ് വിലയിരുത്തല്‍. ഇതിനായി മലപ്പുറത്ത് വന്‍കിടക്കാരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ പങ്കെടുത്ത ചിലര്‍ ഇക്കാര്യം സ്ഥിരീകരിച്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

അര്‍ജന്റീനയ്ക്കായി വിദേശത്തേക്ക് അയച്ച പണം ആരുടെ കൈകളിലാണ് എത്തിയതെന്നും എസ്‌ഐടി പരിശോധിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനില്‍ (എഎഫ്‌എ) നിന്ന് ഔദ്യോഗികമായി വിവരങ്ങള്‍ തേടാനും സംഘം ഒരുങ്ങുകയാണ്.