ദില്ലി: കൊണാട്ട് പ്ലേസിലെ സിജെപി പ്രതിഷേധത്തിന് 11 പേരെ അനുവദിക്കാമെന്ന് ദില്ലി പൊലീസ് അറിയിച്ചു. പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ നിന്ന് സിജെപിയെ തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് കുറച്ചുപേർക്ക് അനുമതി നൽകാനുള്ള തീരുമാനം. 11 നേതാക്കളുടെ പേരുകൾ നൽകാൻ പൊലീസ് നിർദ്ദേശിച്ചു. കൊണാട്ട് പ്ലേസിൽ ഒരുക്കുന്ന പ്രത്യേക സ്ഥലത്ത് പതാകയുമായി അൽപനേരം പ്രതിഷേധിക്കാനാണ് അനുമതി ലഭിക്കുക.
സെൻട്രൽ പാർക്കിന് ചുറ്റും നാളെ 6000 പൊലീസുകാരെ വിന്യസിക്കും. പൊതുജനങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. കൊണാട്ട് പ്ലേസിലും സമീപപ്രദേശങ്ങളിലും ബിഎൻഎസ് 163-ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ നിലവിലുണ്ടെന്നും അവിടെ ഒത്തുകൂടരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ഒക്ടോബർ 16-ന് വൈകുന്നേരം 5 മണിക്ക് ത്രിവർണ പതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുചേരണമെന്നാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തിരുന്നത്. ത്രിവർണ പതാകയെ എന്തിനാണ് തടയുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണോയെന്നും അദ്ദേഹം ചോദിച്ചു. സ്വന്തം റാലിയിലെ ത്രിവർണ പതാകയെ മോദി തടയുമോയെന്നും, 100 സ്ഥലങ്ങളിൽ തിരംഗ യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചാൽ ആ 100 സ്ഥലങ്ങളും മോദി അടച്ചിടുമോയെന്നും ദിപ്കെ ചോദിച്ചു. തിരംഗ മാർച്ച് എന്തായാലും നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാത്രി വൈകി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ, സമാധാനപൂർവമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് സിജെപി നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന ആവശ്യം അവർ ആവർത്തിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്നും, പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളെക്കുറിച്ചും അന്വേഷണം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

