രാഷ്ട്രീയ പാർട്ടികൾക്ക് മെഷീൻ റീഡബിൾ ഡിജിറ്റൽ വോട്ടർ പട്ടിക കൈമാറും:തെരഞ്ഞെടുപ്പ് കമ്മീഷൻ

രാഷ്ട്രീയ പാർട്ടികൾക്ക് മെഷീൻ റീഡബിൾ ഡിജിറ്റൽ വോട്ടർ പട്ടിക കൈമാറും:തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: രാഷ്ട്രീയ പാർട്ടികൾക്ക് ഇനി മെഷീൻ റീഡബിൾ രൂപത്തിലുള്ള ഡിജിറ്റൽ വോട്ടർ പട്ടിക ലഭ്യമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർ പട്ടിക പരിഷ്ക്കരണം നടത്തണമെന്ന് നിർദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.

വോട്ടർമാരുടെ ചിത്രങ്ങൾ ഒഴിവാക്കിയ വിവരങ്ങളാണ് ഡിജിറ്റൽ പട്ടികയിൽ നൽകുക. മുമ്പ് വിവരങ്ങൾ എളുപ്പത്തിൽ തിരയാൻ സാധിക്കാത്ത ഫോർമാറ്റിലായിരുന്നു പട്ടിക കൈമാറിയിരുന്നത്. പുതിയ ഡിജിറ്റൽ പട്ടികയിൽ വിവരങ്ങൾ എളുപ്പത്തിൽ തിരഞ്ഞ് കണ്ടെത്താനാകും. രാഹുൽ ഗാന്ധി കഴിഞ്ഞ വർഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഈ വിഷയം ഉന്നയിച്ചിരുന്നു.

വാർഷിക പുതുക്കലിനുള്ള കരട് തയ്യാറാക്കുന്ന ഘട്ടത്തിൽത്തന്നെ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകും. മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും പേരുകൾ അക്ഷരമാല ക്രമത്തിൽ ക്രമീകരിച്ച വോട്ടർപട്ടികയുടെ റീഡബിൾ സോഫ്റ്റ് കോപ്പി കൈമാറും. പട്ടികയിൽ ഓരോ ആഴ്ചയും വരുത്തുന്ന കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും രാഷ്ട്രീയ കക്ഷികളെ അറിയിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് വാർഷിക വോട്ടർ പട്ടിക പുതുക്കലിനുള്ള നടപടികൾ ആരംഭിച്ചത്. ഇതിനായി എസ്ഐആറിന് മുമ്പുണ്ടായിരുന്ന ഫോം 6 ആയിരിക്കും ഉപയോഗിക്കുക. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. അന്തിമ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.