തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽനിന്ന് ഏകപക്ഷീയമായി പിന്മാറാൻ കേരളത്തിന് അധികാരമില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ വ്യക്തമാക്കി. പൊതുതാത്പര്യം മുൻനിർത്തി 30 ദിവസത്തെ നോട്ടീസ് നൽകി കരാർ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സർക്കാർ പദ്ധതി നടപ്പാക്കാൻ സമ്മതിച്ച് ധാരണാപത്രത്തിൽ ഒപ്പിട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒപ്പിട്ട ധാരണാപത്രത്തിൽനിന്നു പിന്മാറാൻ സംസ്ഥാനത്തിന് വ്യവസ്ഥയില്ലാത്തതാണ് സർക്കാരിനെ കുഴക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാലയങ്ങളിൽ നിലവിലുള്ള സിലബസല്ലാതെ മറ്റൊരു പാഠ്യപദ്ധതിയും കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കാനാകില്ലെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി ആവർത്തിച്ചു.
പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ഇതുവരെ രണ്ടുതവണ യോഗം ചേർന്നു. ഉപസമിതിയുടെ റിപ്പോർട്ടുകൂടി പരിഗണിച്ചായിരിക്കും തുടർന്നുള്ള തീരുമാനങ്ങളെന്നും മന്ത്രി അറിയിച്ചു.
പദ്ധതിയുടെ കാലാവധി സംബന്ധിച്ചും മന്ത്രി സഭയിൽ പ്രതികരിച്ചു. നിലവിലെ പിഎം ശ്രീ പദ്ധതിയുടെ കാലാവധി അടുത്ത വർഷം അവസാനിക്കുമെങ്കിലും പദ്ധതി തുടരുമെന്നാണ് സൂചന ലഭിച്ചിട്ടുള്ളത്. അതിനാൽ ഇനി കേരളം പദ്ധതി നടപ്പാക്കിയാലും കാലാവധി തുടർച്ച ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രത്തിൽനിന്ന് രേഖാമൂലമുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു

