ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച്‌ മലയാളിയുള്‍പ്പടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച്‌ മലയാളിയുള്‍പ്പടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു

ജർമനിയിലെ ബൊച്ചമില്‍ കെട്ടിടത്തിന് തീപിടിച്ച്‌ മലയാളിയുള്‍പ്പടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു. ഇടുക്കി ശാന്തിഗ്രാം സ്വദേശി സാബുവിന്റെ മകള്‍ നോവ സാബു (25), 27 വയസ്സുള്ള ഒരു യുവതി, 26 വയസുള്ള ഒരു യുവാവ് എന്നിവരാണ് മരിച്ചത്. ജോലിക്കായി ആറ് മാസം മുൻപാണ് നോവ ജർമനിക്ക് പോയത്. താമസിച്ചിരുന്ന അപ്പാർട്മെന്റിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു. പുക ശ്വസിച്ച്‌ ശാരീരികാസ്വാസ്ഥ്യം നേരിട്ട അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച പുലർച്ചെ 4.15-ഓടെയാണ് അപ്പാർട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ പടവുകളിലേക്ക് തീ പടർന്നത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. തുടർന്ന് ഫയർഫോഴ്സ് ലാഡറുകളും സുരക്ഷാ കുഷ്യനുകളും ഉപയോഗിച്ചാണ് മുകളിലെ നിലകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ഷോർട്ട് സർക്യൂട്ട് പോലെയുള്ള സാങ്കേതിക തകരാറുകള്‍ കാരണമല്ല തീപിടിത്തമെന്നും, ഇതൊരു കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി.

കൊലപാതകക്കുറ്റം ചുമത്തി കെട്ടിടത്തിലെ താമസക്കാരനായ 41 വയസ്സുള്ള റൊമാനിയൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായയാളാണ് തീ പടർത്തിയതെന്നാണ് പ്രാഥമിക നിരീക്ഷണമെന്ന് പോലീസ് അറിയിച്ചു. മറ്റുവിവരങ്ങള്‍ അന്വേഷിച്ച്‌ വരികയാണ്. പ്രതിയെ ഹോമിസൈഡ് സ്ക്വാഡ് ചോദ്യം ചെയ്തു വരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ജർമൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു