ജന്തർ മന്തറിനെ സമരകേന്ദ്രമല്ലാതാക്കിയ ഡല്ഹി പൊലിസിന്റെ നടപടിക്കെതിരേ സമർപ്പിച്ച ഹർജിയില് കേന്ദ്രസർക്കാരിന്റെ പ്രതികരണം സുപ്രീംകോടതി തേടി. എസ്ഐആറും ഡല്ഹി പ്രതിഷേധവുമായി ബന്ധപ്പെട്ട ഹർജികള് പരിഗണിക്കുന്നതിനൊപ്പമാണ് ഈ ഹർജിയും കോടതി പരിഗണിച്ചത്. കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും വിഷയത്തില് സുപ്രീംകോടതി തീരുമാനമെടുക്കുക.
ജന്തർ മന്തർ ഭരണസിരാകേന്ദ്രങ്ങളുടെ സമീപത്താണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ അധികാരികളുടെ ശ്രദ്ധയില്പ്പെടേണ്ട സമരങ്ങള് ഇവിടെ നടത്തുന്നതിന് വലിയ പ്രാധാന്യമുണ്ടെന്നും, സമരകേന്ദ്രം മാറ്റുന്നത് പ്രതിഷേധിക്കാനുള്ള പൗരന്റെ മൗലികാവകാശങ്ങളെ ബാധിക്കുമെന്നും അവർ വാദിച്ചു.
സുപ്രീംകോടതിയുടെ ഒക്ടോബർ ഒമ്പതിലെ ഉത്തരവിനെത്തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് ഡല്ഹി ഹൈക്കോടതിയില് പൊലിസ് നേരത്തേ വാദിച്ചിരുന്നു. എന്നാല് ഇതിന് ആധാരം കോടതിയുടെ ഉത്തരവല്ലെന്ന് സോളിസിറ്റർ ജനറല് തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സമിതി തയ്യാറാക്കിയ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

