കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി തർക്കം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. സമരത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്ത 16 വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാൻസലർ സിസ തോമസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി.
സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ആവശ്യമായ ഹാജരില്ലെന്നും, മതിയായ ഹാജരില്ലാത്തവരെ പരീക്ഷയെഴുതിക്കാൻ അനുവദിക്കില്ലെന്നുമാണ് വി സിയുടെ നിലപാട്. ഈ വിദ്യാർഥികൾ ഇപ്പോൾ 63 ദിവസമായി സസ്പെൻഷനിൽ തുടരുകയാണ്.
കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾ വി സിക്കും രജിസ്ട്രാർക്കുമെതിരെ നാളെ കോടതിയലക്ഷ്യ ഹർജി നൽകുമെന്ന് അറിയിച്ചു. അതോടൊപ്പം നാളെ മുതൽ സർവകലാശാലയിൽ മൂന്നു വിദ്യാർഥികൾ വീതം നിരാഹാര സമരവും ആരംഭിക്കും. ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും വെബ്സൈറ്റ് തുറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും, ഇന്നലെ വരെ അനുവദിച്ച സമയത്തിനുള്ളിൽ സൈറ്റ് തുറക്കാത്തതിനാൽ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാനായില്ലെന്നും അവർ പറയുന്നു.
അതിനിടെ, കാലടിയിലെ വിദ്യാർഥി സംഘർഷം അന്വേഷിക്കാൻ നിയോഗിച്ച സമിതിയിലെ ഡോ. കെ എസ് ജിനിതയുടെ റിപ്പോർട്ട് എസ്എഫ്ഐ നേതാക്കൾ പുറത്തുവിട്ടു. വി സി സിസ തോമസ് അന്വേഷണത്തിൽ ഇടപെടാൻ ശ്രമിച്ചെന്നും, വിദ്യാർഥികൾക്കെതിരെ തുടർനടപടികൾക്ക് തെളിവില്ലെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. വി സിയെ വിദ്യാർഥികൾ ആക്രമിച്ചതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വിഷയത്തിൽ നിയമപോരാട്ടം തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. എന്നാൽ വിദ്യാർഥികൾക്കെതിരായ നടപടികളിൽ തീരുമാനമെടുക്കേണ്ടത് സർവകലാശാലയാണെന്നും സർക്കാർ ഇടപെടേണ്ടതില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു.

