സംസ്ഥാന സ്കൂൾ കായികമേളയിൽ ജില്ലകൾ തമ്മിലുള്ള കടുത്ത മത്സരത്തിനൊടുവിൽ തിരുവനന്തപുരം ഓവറോൾ കിരീടം സ്വന്തമാക്കി. 2012.3 പോയിന്റ് നേടിയാണ് ജില്ല സ്വർണക്കപ്പിൽ മുത്തമിട്ടത്.
കോഴിക്കോട് നടന്ന മേളയിൽ 965.3 പോയിന്റോടെ തൃശൂർ രണ്ടാം സ്ഥാനത്തെത്തി. 923.3 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും നേടി.
ഗെയിംസ്, അക്വാട്ടിക്സ് വിഭാഗങ്ങളിലെ മികച്ച പ്രകടനമാണ് തിരുവനന്തപുരത്തിന്റെ കിരീടനേട്ടത്തിന് വഴിയൊരുക്കിയത്. ഗെയിംസിൽ മാത്രം 1310 പോയിന്റ് നേടിയ ജില്ല മെഡൽനേട്ടത്തിലും മുന്നിലെത്തി. ഈ വിഭാഗത്തിൽ 151 സ്വർണവും 92 വെള്ളിയും 106 വെങ്കലവും തിരുവനന്തപുരം സ്വന്തമാക്കി. അക്വാട്ടിക്സിൽ 606 പോയിന്റ് നേടിയും ജില്ല മികവ് തെളിയിച്ചു.
ഗെയിംസ് വിഭാഗത്തിൽ 813 പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും 796 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനത്തുമെത്തി. അക്വാട്ടിക്സിൽ എറണാകുളം 160 പോയിന്റോടെ രണ്ടാമതും തൃശൂർ 120 പോയിന്റോടെ മൂന്നാമതുമായി ഫിനിഷ് ചെയ്തു.
ഓവറോൾ കിരീടം തിരുവനന്തപുരത്തിനായിരുന്നെങ്കിലും അത്ലറ്റിക്സിൽ മലപ്പുറത്തിന്റെ കരുത്താണ് പ്രകടമായത്. 204.3 പോയിന്റുമായി ഒന്നാമതെത്തിയ മലപ്പുറം 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും നേടി. 161.5 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 109 പോയിന്റുമായി ആലപ്പുഴ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂൾതലത്തിലെ മികച്ച പ്രകടനവും മലപ്പുറത്തിന്റെ മുന്നേറ്റത്തിന് കരുത്തായി. ഐഡിയൽ എച്ച്എസ്എസ് കടകശ്ശേരിയും കെഎച്ച്എംഎച്ച്എസ് ആലത്തിയൂരും നേടിയ പോയിന്റുകൾ ജില്ലയുടെ നേട്ടത്തിൽ നിർണായകമായി. ഇതിൽ ഐഡിയൽ കടകശ്ശേരി തുടർച്ചയായ അഞ്ചാം തവണയും സ്കൂൾതല അത്ലറ്റിക്സ് ചാമ്പ്യൻമാരായി. 75.3 പോയിന്റോടെയാണ് സ്കൂൾ ഒന്നാം സ്ഥാനം നിലനിർത്തിയത്.

