ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ചലോ ദില്ലി മാർച്ച് ഇന്ന് രാംലീല മൈതാനത്ത്

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ചലോ ദില്ലി മാർച്ച് ഇന്ന് രാംലീല മൈതാനത്ത്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെയും പ്രതിഷേധിക്കാൻ പ്രതിപക്ഷ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച ചലോ ദില്ലി മാർച്ച് ഇന്ന് ഡൽഹിയിലെ രാംലീല മൈതാനത്ത് നടക്കും. കൊണാട്ട് പ്ലേസിലെ മിന്റോ റോഡ് ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 12 മണിക്ക് രാംലീല മൈതാനത്തേക്ക് മാർച്ച് നടത്തി, ലക്ഷങ്ങൾ അണിനിരക്കുന്ന പ്രക്ഷോഭത്തിന് തുടക്കമിടുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിലൂടെ അറിയിച്ചു.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഇന്ന് ആളുകൾ ഡൽഹിയിലെത്തുമെന്നും, നഗരം ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ റാലികളിലൊന്നായിരിക്കും ഇതെന്നും എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

അതേസമയം, രാംലീല മൈതാനത്തെ പ്രതിഷേധത്തിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും, അവിടേക്കുള്ള മാർച്ചിന് ഇന്ത്യ സഖ്യം മുൻകൂട്ടി അനുമതി നേടിയിട്ടില്ലെന്ന് ഡൽഹി പൊലീസ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. എന്നാൽ, നേരത്തെ ഗ്യാനേഷ് കുമാറിനെതിരെ പതിനായിരങ്ങൾ അണിനിരന്ന ഇന്ത്യ സഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചും അനുമതിയില്ലാതെയാണ് സംഘടിപ്പിച്ചതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ കോൺഗ്രസ് നേതൃത്വത്തിൽ ഇന്ത്യ സഖ്യം ഗ്യാനേഷ് കുമാറിനെതിരെ നടത്തുന്ന റാലിയിൽ പങ്കെടുത്ത ശേഷം നഗരത്തിൽ നിന്ന് ഷോപ്പിംഗ് നടത്താൻ രാഹുൽ ഗാന്ധി പ്രവർത്തകരോട് അഭ്യർഥിച്ചു. ഉത്സവകാല കച്ചവടം പ്രതിപക്ഷ റാലി തടസ്സപ്പെടുത്തുമെന്ന് അറിയിച്ച് വ്യാപാരികൾ നേരത്തെ പ്രതിഷേധം മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നായിരുന്നു കോൺഗ്രസിന്റെ മറുപടി. ഇതിനു പിന്നാലെയാണ് റാലി കഴിഞ്ഞ് മടങ്ങുന്നവർ നഗരത്തിൽ നിന്ന് ഷോപ്പിംഗ് നടത്തണമെന്ന അഭ്യർഥനയുമായി രാഹുൽ ഗാന്ധി തന്റെ എക്സ് അക്കൗണ്ടിലൂടെ രംഗത്തെത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഡൽഹിയിലെ പ്രതിഷേധത്തിനെത്തുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തങ്ങളുടെ റാലി വ്യാപാരികളെ ഉപദ്രവിക്കില്ലെന്ന് തനിക്കറിയാമെന്നും, ബിജെപി ഭയന്നാണ് കിംവദന്തികൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു. വ്യാപാരികളെ സഹായിക്കാനായി പ്രതിഷേധ റാലിക്ക് ശേഷം ചെറിയ ഷോപ്പിംഗ് കൂടി നടത്താമെന്നും അദ്ദേഹം നിർദേശിച്ചു.