എറണാകുളം മഹാരാജാസ് കോളേജില്‍ ബിരുദദാന ചടങ്ങിനിടെ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ വിദ്യാർത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒരു കൂട്ടം വിദ്യാർത്ഥികള്‍ക്കെതിരെയാണ് കേസ്. പൊതുപരിപാടി മനഃപൂർവ്വം അലങ്കോലപ്പെടുത്തിയതിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.
ചടങ്ങ് അലങ്കോലപ്പെടുത്തുകയും ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോണിനെ തടയുകയും ചെയ്ത എസ്.എഫ്.ഐയുടെ നടപടിക്ക് ഒരു ന്യായീകരണവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. മഹാരാജാസില്‍ എസ്.എഫ്.ഐ പ്രവർത്തകർ ക്രിമിനലുകളെപ്പോലെയാണ് പെരുമാറിയതെന്നും കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ജനാധിപത്യ രീതിയില്‍ പ്രതിഷേധം അറിയിക്കുന്നതിനു പകരം തനി ഗുണ്ടായിസമാണ് കാട്ടിയതെന്നും സതീശന്‍ കുറ്റപ്പെടുത്തി. കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും എത്രയോ കാലത്തെ സ്വപ്നമാണ് മിനിട്ടുകള്‍ കൊണ്ട് എസ്.എഫ്.ഐ അലങ്കോലപ്പെടുത്തിയതെന്നും വിദ്യാർത്ഥികളോടും കുടുംബങ്ങളോടും എസ്.എഫ്.ഐ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിന്റെ തുടക്കം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയില്‍ നിന്നാണ്. വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ ശവമഞ്ചമൊരുക്കി സമരം ചെയ്ത 16 എസ്.എഫ്.ഐ പ്രവർത്തകരുടെ സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആ പ്രതിഷേധം. മഹാരാജാസില്‍ മന്ത്രി പ്രസംഗം തുടങ്ങിയപ്പോള്‍ ബാല്‍ക്കണിയില്‍ വലിയ ബാനർ ഉയർത്തിക്കെട്ടി പ്രതിഷേധക്കാർ പ്ലക്കാർഡുകളുമായി നിരന്നു. പ്രസംഗം അവസാനിപ്പിച്ചപ്പോഴേക്കും വിദ്യാർത്ഥി സംഘം സ്റ്റേജിലെത്തി മന്ത്രിയെ വളഞ്ഞ് ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു.
ചടങ്ങ് കഴിഞ്ഞ ശേഷം മറുപടി നല്‍കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും വിദ്യാർത്ഥികള്‍ വഴങ്ങിയില്ല. പ്രതിഷേധം കനത്തതോടെ മന്ത്രി വേദി വിട്ടു. ബിരുദദാനം നടത്താതെയായിരുന്നു മന്ത്രി മടങ്ങിയത്. പ്രതിഷേധക്കാരെ നീക്കാൻ പോലീസ് ശ്രമിച്ചെങ്കിലും മന്ത്രി അതിന് വിലക്കേർപ്പെടുത്തി. ഗുണ്ടായിസത്തിന് മുന്നില്‍ കീഴടങ്ങില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഗവേഷണ പഠനം പൂർത്തിയാക്കി ഡോക്ടറേറ്റ് ലഭിച്ച 30 പേരുള്‍പ്പെടെ 500ലേറെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

