അറിവിലൂടെ ജാഗ്രത, ജാഗ്രതയിലൂടെ പ്രതിരോധം: കേരളം സൈബർ റെസിലിയന്റ് ആകാൻ ‘ക്ലിക്ക്’

അറിവിലൂടെ ജാഗ്രത, ജാഗ്രതയിലൂടെ പ്രതിരോധം: കേരളം സൈബർ റെസിലിയന്റ് ആകാൻ 'ക്ലിക്ക്'

സൈബർ കുറ്റകൃത്യങ്ങൾ തടയാനും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനുമായി ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കേരള പൊലീസ് നടപ്പാക്കുന്ന ക്ലിക്ക് – CLICK (Community Led Initiative for Cyber Resilient Keralam) പ്രചാരണത്തിന് ഇന്ന് തുടക്കമാകും. 2027 ആകുമ്പോഴേക്കും സമ്പൂർണ സൈബർ റെസിലിയന്റ് കേരളം യാഥാർത്ഥ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഇന്ന് രാവിലെ 10.30ന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതി ഉദ്ഘാടനം ചെയ്യും. ക്യാംപെയ്‌നിന്റെ ഭാഗമാകുന്നവരിൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമുണ്ടാകുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ടി ജെ വിനോദ് എം എൽ എ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, സോഹോ കോർപറേഷൻ സ്ഥാപകൻ ശ്രീധർ വെമ്പു, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി പി വിജയൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

ചടങ്ങിൽ സൈബർ സേഫ് വില്ലേജ്, സൈബർ റെസിലിയന്റ് സെന്ററുകൾ, സൈബർ ക്യാപ്ടൻമാർ, സൈബർ ഫസ്റ്റ് റെസ്പോണ്ടേഴ്സ് എന്നിവയും പ്രഖ്യാപിക്കും.

“അറിവിലൂടെ ജാഗ്രത, ജാഗ്രതയിലൂടെ പ്രതിരോധം” എന്ന മുദ്രാവാക്യവുമായി, ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കുമെതിരെ ജനങ്ങളെ ഒന്നിപ്പിക്കാനും സൈബർ സുരക്ഷയെ സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമായി വളർത്താനുമാണ് CLICK ലക്ഷ്യമിടുന്നത്. സൈബർ ആക്രമണങ്ങൾ തിരിച്ചറിയാനും ചെറുക്കാനും, ഉണ്ടായാൽ വേഗത്തിൽ കരകയറി സുരക്ഷിതമായി മുന്നോട്ടുപോകാനുമുള്ള വ്യക്തികളുടെയും സമൂഹത്തിന്റെയും ശേഷിയാണ് സൈബർ റെസിലിയൻസ് എന്നു പറയുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സാമൂഹിക സംഘടനകൾ, യുവജനങ്ങൾ, പൊതുജനങ്ങൾ എന്നിവരെ ഒരുമിപ്പിച്ച് സൈബർ സുരക്ഷയെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുക എന്നതാണ് CLICK മുന്നോട്ടുവയ്ക്കുന്ന ആശയം. സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിൽ കേരള പൊലീസിനൊപ്പം പൊതുജനങ്ങൾക്കും സജീവ പങ്കാളികളാകാൻ അവസരമൊരുക്കും.

ഡിജിറ്റൽ ലോകത്ത് പൂർണ സുരക്ഷ എന്നൊന്നില്ലെന്നും, ഏതെങ്കിലും സമയത്ത് സൈബർ കുറ്റവാളികൾ വ്യക്തികളെ ലക്ഷ്യമിട്ടേക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. അത്തരം സാഹചര്യത്തിൽ ഭയവും നാണക്കേടും കാരണം ഉൾവലിയാതെ സ്വയം പ്രതിരോധിക്കാനും നഷ്ടത്തിൽനിന്നും അപമാന ഭയത്തിൽനിന്നും കരകയറാനും സമൂഹത്തെ പ്രാപ്തമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.