തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢി ഡല്‍ഹിയിലെ തെലുങ്കാന ഭവനില്‍ പ്രവർത്തകരോട് സംസാരിക്കവെ, എസ്ഐആർ നടപടികളിലൂടെ പാവപ്പെട്ടവരുടെ വോട്ടുകള്‍ വെട്ടിമാറ്റി അധികാരം നിലനിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനോട് ഉപമിച്ച അദ്ദേഹം, ഡല്‍ഹിയിലെത്തിയ തെലുങ്കാനയിലെ കോണ്‍ഗ്രസ് പ്രവർത്തകരെ രാവണനെ തോല്പിക്കാൻ ശ്രീരാമനെ സഹായിച്ച വാനരസേനയോടാണ് താരതമ്യപ്പെടുത്തിയത്. എസ്ഐആർ വഴി രാജ്യത്താകെ 13.50 കോടി വോട്ടർമാരെ പട്ടികയില്‍നിന്ന് നീക്കിയെന്നും ഇത് 20 കോടിയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനാണ് ഇതെന്നും, റാലിക്കായി തെലുങ്കാനയില്‍നിന്ന് പ്രവർത്തകർക്ക് പ്രത്യേക ട്രെയിൻ അനുവദിക്കുന്നത് റെയില്‍വേ തടഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്ലിംകളെ രാജ്യത്തിനു പുറത്തുള്ളവരായി ചിത്രീകരിക്കുകയും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്ന് നാഷണല്‍ കോണ്‍ഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള ഒരു മഹാറാലിയില്‍ പറഞ്ഞു. ബിജെപിയും സംഘപരിവാർ സംഘടനകളും മുസ്ലിംകളെ പാക്കിസ്ഥാനികളെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യക്കായി മുൻകാലങ്ങളിലും ഇന്നും രക്തം നല്കിയവരാണ് തങ്ങളെന്നും നാളെയും നല്‍കുമെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു. അംബേദ്കർ നിർമിച്ച ഭരണഘടന എല്ലാവർക്കും തുല്യ അവകാശവും തുല്യ വോട്ടവകാശവും ഉറപ്പുനല്‍കുന്നതാണെന്ന് അദ്ദേഹം കേന്ദ്രസർക്കാരിനെ ഓർമിപ്പിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ കോണ്‍ഗ്രസ് വക്താവ് പവൻ ഖേര രൂക്ഷവിമർശനമുന്നയിച്ചു. ബിജെപി കോണ്‍ഗ്രസിനെ സ്വപ്നത്തില്‍പ്പോലും കണ്ട് ഭയപ്പെടുകയാണെന്ന് പരിഹസിച്ച അദ്ദേഹം, സ്ഥാനമൊഴിയാൻ പോകുന്ന ആഭ്യന്തരമന്ത്രി എന്നാണ് ഷായെ വിശേഷിപ്പിച്ചത്. ഷാ രാജിവയ്ക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി രാംലീല മൈതാനത്തെ ഇന്ത്യ സഖ്യത്തിന്റെ മഹാറാലി വൻ വിജയമായിരുന്നുവെന്നും, മുപ്പത് വർഷത്തെ രാഷ്ട്രീയ നിരീക്ഷണത്തിനിടെ ഇത്രയും വലിയ ജനസഞ്ചയം കണ്ടിട്ടില്ലെന്നും ഖേര അവകാശപ്പെട്ടു.
വോട്ടുകൊള്ളയ്ക്കും മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനുമെതിരായ പോരാട്ടം തുടരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുൻ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി വ്യക്തമാക്കി. എസ്ഐആറിന്റെ പ്രധാന ഇര ബംഗാളാണെന്നും ജനാധിപത്യമാർഗത്തിലൂടെ ബിജെപിയോട് പ്രതികാരം ചെയ്യുമെന്നും അവർ പറഞ്ഞു. ജീവൻ നല്‍കിയും പോരാടും, പക്ഷേ കീഴടങ്ങില്ലെന്ന് അവർ പ്രഖ്യാപിച്ചു.
2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍നിന്ന് തൂത്തെറിയപ്പെടുമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ജയിക്കാനാകില്ലെന്നു മനസ്സിലാക്കിയ ബിജെപി തെരഞ്ഞെടുപ്പു കമ്മിഷനെ മുന്നില്‍നിർത്തി ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാംലീല മൈതാനം ജനാധിപത്യത്തിന്റെ ഹല്ദിഘാട്ടിയായി മാറിയെന്നും ജനപിന്തുണ മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
രാമായണ കഥകള്‍ക്കു വേദിയായ രാംലീല മൈതാനം ഇപ്പോള്‍ വോട്ട് മോഷ്ടാക്കള്‍ക്കെതിരായ മഹാഭാരത യുദ്ധത്തിന്റെ പോരാട്ടഭൂമിയായെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. കേന്ദ്രസർക്കാരിനെയും ഭരണകൂടത്തെ പിന്തുണയ്ക്കുന്നവരെയും അദ്ദേഹം മഹാഭാരതത്തിലെ ശകുനിയോടാണ് ഉപമിച്ചത്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ പ്രതിപക്ഷത്തിന് ഈ ധർമയുദ്ധം ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചലോ ഡല്‍ഹി മാർച്ചില്‍ കേരളത്തില്‍നിന്ന് വലിയ പങ്കാളിത്തമുണ്ടായി. മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും ജനപ്രതിനിധികളും മുതിർന്ന നേതാക്കളും മാർച്ചില്‍ അണിനിരന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പ്രക്ഷോഭത്തിന്റെ ഭാഗമായി. രാഹുല്‍ ഗാന്ധിയുടെ വാഹനത്തോടൊപ്പം പ്രത്യേക തുറന്ന വാഹനത്തിലാണ് നേതാക്കള്‍ രാംലീല മൈതാനത്തേക്ക് നീങ്ങിയത്. യുവജന-വിദ്യാർഥി സംഘടനാ പ്രവർത്തകരും ഡിസിസി അധ്യക്ഷന്മാരും മഹാറാലിയില്‍ കൈകോർത്തു.
രാജ്യത്ത് വിപ്ലവത്തിന് തുടക്കമായെന്നും ഭരണമാറ്റത്തിലേക്ക് രാജ്യം നീങ്ങുകയാണെന്നും ശിവസേന (യുബിടി) എംപി സഞ്ജയ് റൗത്ത് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനും കേന്ദ്ര ഭരണമാറ്റത്തിനുമായി ലക്ഷക്കണക്കിനാളുകള്‍ ബാരിക്കേഡുകള്‍ തകർത്ത് പ്രതിഷേധസ്ഥലത്തെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

