ചേരാനല്ലൂർ വാഹനാപകടക്കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്ജിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പുതിയ പരാതി ഉന്നയിച്ചിരിക്കുകയാണ്. തെളിവ് നശിപ്പിച്ചതിന് ജഡ്ജിക്കെതിരെ പ്രത്യേക വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ മകൾ ആവശ്യപ്പെട്ടു.
അപകടം നടന്നതിന് പിന്നാലെ ജഡ്ജി സംഭവസ്ഥലത്തെത്തി ഏകദേശം മൂന്ന് മണിക്കൂർ ചെലവഴിച്ചുവെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. കേസിലെ നിർണായക തെളിവുകൾ ഇല്ലാതാക്കാനും മകനെ രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അവർ പറയുന്നു.
നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമാണ് ജഡ്ജിക്കെതിരെ കേസെടുത്തിട്ടുള്ളത്. എന്നാൽ തെളിവ് നശിപ്പിക്കൽ, അന്വേഷണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചേർത്ത് പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ആദ്യഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്നും ജഡ്ജിയുടെ സ്വാധീനത്തിന് വഴങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും കുടുംബം കുറ്റപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ജഡ്ജിയെ ചോദ്യം ചെയ്യുകയും ചെയ്തത്.സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം പൂർത്തിയാക്കി നീതി ഉറപ്പാക്കണമെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.

