ദില്ലി സ്ഫോടന കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. ദല്‍ഹി സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും സംഘവും തുര്‍ക്കിയില്‍ പോയി 14 പേരെ കണ്ടതായി വിവരങ്ങൾ പുറത്തുവരുന്നു. മൂന്നുവര്‍ഷം മുന്‍പ് ഉമര്‍ നടത്തിയ യാത്രാവിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇയാളുടെ തുര്‍ക്കി സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്. ഡോക്ടറാണെന്ന് കരുതുന്ന മുസാഫര്‍ അഹമ്മദ് റാത്തര്‍, ഫരീദാബാദില്‍ സ്ഫോടകവസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമില്‍ ഷക്കീല്‍ എന്നിവര്‍ക്കൊപ്പാണ് ഉമര്‍ തുര്‍ക്കിയിലേക്ക് പോയത്.
രണ്ടാഴ്ചയോളം ഇവര്‍ തുര്‍ക്കിയില്‍ തങ്ങി ഏകദേശം 14 പേരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ കൂടിക്കാഴ്ച നടത്തിയ 14 പേര്‍ ആരെല്ലാമാണെന്ന് കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. അവരില്‍ ഒരാള്‍ ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ സഹോദരനാണെന്ന് കരുതുന്നു. തുര്‍ക്കിയില്‍ എത്തിയ ഇവര്‍ താമസിക്കുന്നതിനായി ഹോട്ടലുകള്‍ ഒന്നും ഉപയോഗിച്ചിട്ടില്ലെന്ന് അന്വേഷണത്തിലൂടെ വ്യക്തമായിട്ടുണ്ട്.
എൻ ഐ എ കസ്റ്റഡിയിലുള്ള ഡോ. മുസമ്മില്‍ ഷഹീൻ എന്നിവരെ അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ അറസ്റ്റും എന്നുണ്ടായേക്കും എന്നാണ് വിവരം. ഫരീദാബാദ് സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കഴിഞ്ഞദിവസം മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്തിരുന്നു.അതേസമയം ഉമറിന് ദില്ലിയില്‍ അടക്കം സഹായികള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഗൂഢാലോചന കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ, ദില്ലി സ്ഫോടനത്തിന് പിന്നാലെ അല്‍ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി സ്വീകരിച്ചു. സർവകലാശാലയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കല്‍, ക്രമക്കേടുകള്‍ എന്നിവ ചുമതിയാണ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുജിസി, എൻഎഎസി എന്നിവയുടെ നിർദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സർവകലാശാലയുടെ ദില്ലി ഓഫീസില്‍ അന്വേഷണസംഘം പരിശോധന നടത്തി.
നേരത്തെ അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് അംഗീകാരമില്ലെന്ന് യുജിസി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ എഐയു അല്‍ ഫലാഹ് സർവകലാശാലയുടെ അംഗത്വം ഇന്നലെ സസ്പെൻഡ് ചെയ്‌തിരുന്നു. ഡല്‍ഹി സ്‌ഫോടന കേസില്‍ അല്‍ ഫലാഹ് സർവകലാശാലയിലെ ഡോക്‌ടർമാരുടെ പേരുകള്‍ ഉള്‍പ്പെട്ടതോടെയാണ് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് (എഐയു) കടുത്ത നടപടിയിലേക്ക് കൂടി കടന്നത്.







