വിഴിഞ്ഞം പൊലീസ് മിമിക്രി കലാകാരനായ തൃശൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം തട്ടിയെടുത്തെന്നതാണ് കേസ്. അരനാട്ടുകര ഒളരിക്കര സ്വദേശി സതീഷ് ഒളരി എന്ന വി.ബി. സതീഷ് (47) ആണ് പിടിയിലായത്.
വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ പലതവണകളായി യുപിഐ വഴി 1.25 ലക്ഷം രൂപ ഇയാൾ കൈപ്പറ്റിയെന്നാണ് പരാതി. 20,300 രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങളും, വിമാന ടിക്കറ്റ് എടുത്തതിന്റെ പേരിൽ 20,400 രൂപയും തട്ടിയെടുത്തതായും പൊലീസ് അറിയിച്ചു.
പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിനും അയച്ചുനൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. സ്വകാര്യ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമെന്ന ഭീഷണിയെത്തുടർന്നാണ് യുവതി പൊലീസിനെ സമീപിച്ചത്.
ഇയാളുടെ സഹോദരിയായ രണ്ടാം പ്രതിയും ശബ്ദസന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

