പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. അടുത്തകാലത്തുണ്ടായ ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണമെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിലുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു.
ഐജി അജിതാബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുക. സംസ്ഥാന പോലീസ് മേധാവി തുടർ നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവ്. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം.
പിഎസ്സി പരീക്ഷയും നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ അന്വേഷണസംഘം പരിശോധിക്കും. പിഎസ്സി ചെയർമാൻ, ബോർഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥർ, പരീക്ഷാ ക്രമക്കേടിലെ പരാതിക്കാർ തുടങ്ങിയവരില്‍ നിന്ന് വിശദാംശങ്ങള്‍ തേടും. ഉദ്യോഗാർഥികള്‍ വിജിലൻസിന് നല്കിയ പരാതിയിലും അന്വേഷണത്തിന് സാധ്യതയുണ്ട്.

