മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ബോഗിയില്‍ തീപിടിച്ചെന്ന് കരുതി പരിഭ്രമിച്ച് ട്രെയിനില്‍ നിന്ന് ചാടിയവര്‍ക്കാണ് അപകടം. സമീപ ട്രാക്കിലൂടെ എതിര് ദിശയിലെത്തിയ ട്രെയിനിടിച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മുംബയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ പച്ചോറയ്ക്ക് സമീപമുള്ള മഹേജി, പര്‍ധഡെ സ്റ്റേഷനുകള്‍ക്കിടെയില്‍ ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം.
ലക്നൗവില്‍ നിന്ന് മുംബയിലേക്ക് വന്ന പുഷ്പക് എക്സ്പ്രസില്‍ സഞ്ചരിച്ചിരുന്ന 25ഓളം പേര് തീയും പുകയും കണ്ട് ട്രെയിനില്‍ നിന്ന് ചാടിയെന്നാണ് വിവരം. യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിറുത്തിയശേഷം ചാടുകയായിരുന്നു. ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബ്രേക്ക് ചെയ്യുന്നതിനിടെ തീപ്പൊരിയും പുകയും ഉയര്‍ന്നതാണെന്നും തീപിടിച്ചതല്ലെന്നുമാണ് റിപ്പോര്‍ട്ട്. ബംഗളൂരു- ന്യൂഡല്‍ഹി കര്‍ണാടക എക്സ്പ്രസാണ് ഇടിച്ചത്.
റെയില്‍വേ ഉദ്യോഗസ്ഥരടക്കം രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. പരിക്കേറ്റവര്‍ക്ക് വിഗദ്ധ ചികിത്സ ഉറപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു.







