തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ ദാരുണമായ വാൻ അപകടത്തില്‍ പരിക്കേറ്റവർ ചികിത്സയില്‍ തുടരുന്നു. കോയമ്പത്തൂർ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. അതേസമയം, കോയമ്പത്തൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സഹദിൻ മുഹമ്മദിനെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മസ്നിനെയും വാർഡുകളിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാനാണ് വെള്ളിയാഴ്ച വൈകുന്നേരം 5:20-ഓടെ അപകടത്തില്‍പ്പെട്ടത്. കാഴ്ചകള്‍ കണ്ടു മടങ്ങുന്നതിനിടെ വാല്‍പ്പാറ ചുരത്തിലെ 13-ാം ഹെയർപിൻ വളവില്‍ വെച്ച് നിയന്ത്രണം വിട്ട വാഹനം 300 അടി താഴ്ചയിലുള്ള 9-ാം വളവിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവർ ഉള്‍പ്പെടെ 13 പേർ ആയിരുന്നു വാനില്‍ ഉണ്ടായിരുന്നത്. 9 പേർക്ക് ജീവൻ നഷ്ടമായി. അപകടത്തില്‍പ്പെട്ടവർക്ക് അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ മരിച്ച ഒൻപത് പേരുടെയും സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച പൂർത്തിയായി





