കേരളത്തെ ഇന്ത്യയിലെ ഒന്നാം ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തെ ഇന്ത്യയിലെ ഒന്നാം ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമായ ഒന്നാമത്തെ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഇതിനായുള്ള സമഗ്ര പദ്ധതികൾ ഒരു മാസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. നൂറിലധികം കുട്ടികളുള്ള എല്ലാ സ്പെഷ്യൽ സ്കൂളുകൾക്കും എയ്ഡഡ് പദവി നൽകുന്ന പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇരുപത്തിയേഴാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് വി & എച്ച് എസ് എസ് ഫോർ ഗേൾസിൽ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

പൊതുകെട്ടിടങ്ങളിൽ റാമ്പുകളും പ്രത്യേക ടോയ്‌ലറ്റുകളും നിർബന്ധമാക്കിയതുപോലെ, സംസ്ഥാനത്തെ എല്ലാ പൊതുവിടങ്ങളിലും എത്തിച്ചേരാനും വാഹനങ്ങളിൽ കയറാനുമുള്ള സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാരുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സമഗ്ര ഡാറ്റ ശേഖരിക്കുകയും അത് തുടർച്ചയായി പുതുക്കുകയും ചെയ്യും. ഭിന്നശേഷിക്കുട്ടികളുടെ ആവശ്യങ്ങൾക്ക് സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി തടസ്സമാകില്ലെന്നും മുൻഗണന നൽകി ഖജനാവിൽ നിന്ന് ആവശ്യമായ തുക ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിലൂടെ 60 മുതൽ 70 ശതമാനം വരെ പ്രശ്നങ്ങൾ ഭേദപ്പെടുത്താനും, കൃത്യമായ പരിശീലനത്തിലൂടെ കുട്ടികളുടെ ശേഷി വർധിപ്പിക്കാനും കഴിയുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി ലോകനിലവാരത്തിലുള്ള ആധുനിക സംവിധാനങ്ങൾ കേരളത്തിൽ കൊണ്ടുവരുമെന്നും പറഞ്ഞു. തങ്ങളുടെ കാലശേഷം കുഞ്ഞുങ്ങളെ ആര് സംരക്ഷിക്കുമെന്ന ആശങ്ക മാതാപിതാക്കൾക്ക് വേണ്ടെന്നും, കേരളം ഈ മക്കളെ ചേർത്തുനിർത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ഭിന്നശേഷിക്കുട്ടികൾ ആരുടെയും പിന്നിലല്ലെന്ന് പൊതുസമൂഹത്തോട് ഉറക്കെ പറയുന്ന വേദിയാണ് ഈ കലോത്സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത കലോത്സവം മുതൽ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കുട്ടികളെയും പങ്കാളികളാക്കി മേള വിപുലീകരിക്കുമെന്നും അറിയിച്ചു. മത്സരവിജയത്തേക്കാൾ, ഈ വേദിയിലെത്തി പരിപാടി അവതരിപ്പിക്കുന്ന കുട്ടികളുടെ ആത്മവിശ്വാസമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

കലോത്സവങ്ങൾ കലാപരവും സാഹിത്യപരവുമായ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള വേദികളാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. കലയ്ക്ക് പരിമിതികളില്ലെന്നും, ഭിന്നശേഷിക്കാർക്ക് ശാരീരിക പരിമിതികളുണ്ടെങ്കിലും അവരുടെ സ്വപ്നങ്ങൾക്കും ഭാവനകൾക്കും ചിന്തകൾക്കും പരിമിതികളില്ലെന്ന് ലോകം തെളിയിച്ചിട്ടുണ്ടെന്നും മന്ത്രി അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അരുൺ കെ. വിജയൻ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനിയും ഭിന്നശേഷി കമ്മിഷണർ ഡോ. പി റ്റി ബാബുരാജും ആശംസകൾ നേർന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചെമ്പഴന്തി ഉദയൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മുൻ ഡയറക്ടർ എൻ എസ് കെ ഉമേഷ്, എസ്‌സിഇആർടി ഡയറക്ടർ ഡോ. കെ കെ മഷൂദ്, കൈറ്റ് സിഇഒ ഡോ. കെ അൻവർ സാദത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.