മോഷണശ്രമത്തിനൊടുവില്‍ ഒരു ജീവന്‍: ഖോപോളി കൊലപാതകത്തിലെ പ്രതി ഗോവയില്‍ വലയിലായി

മോഷണശ്രമത്തിനൊടുവില്‍ ഒരു ജീവന്‍: ഖോപോളി കൊലപാതകത്തിലെ പ്രതി ഗോവയില്‍ വലയിലായി

ആലപ്പുഴ സ്വദേശിനിയായ എഴുപത്തിയൊന്നുകാരി മഹേശ്വരിയെ മഹാരാഷ്ട്രയിലെ ഖോപോളിയിലുള്ള അവരുടെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ബുധനാഴ്ചയാണ്. ഫോണില്‍ വിളിച്ചിട്ട് പ്രതികരണം ലഭിക്കാതെ വന്നതോടെയാണ് ബന്ധുക്കള്‍ പൊലിസിനെ വിവരം അറിയിച്ച് ഫ്ലാറ്റിലേക്ക് എത്തിയത്.

ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

പിന്നീട് നടന്ന അന്വേഷണത്തിലാണ്, മഹേശ്വരിയുടെ ഫ്ലാറ്റിന് സമീപം കുടുംബത്തോടൊപ്പം താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശി യഷ് താപ്പേയിലേക്ക് പൊലിസ് എത്തിയത്. ഗോവയില്‍ വെച്ചാണ് ഇയാള്‍ കസ്റ്റഡിയിലായത്.

മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലിസ് വ്യക്തമാക്കി. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലിസ് അറിയിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ഇയാളെന്നും, സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് കവര്‍ച്ചയും കൊലപാതകവും നടത്തിയതെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായും പൊലിസ് പറഞ്ഞു.