സർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം, കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരെ സസ്പെൻഡ് ചെയ്തു. എക്സൈസ് മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ ഷിബു പി.എൽ. എന്നിവർക്കെതിരെയാണ് നടപടി. സസ്പെൻഷൻ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
മദ്യനയം പ്രഖ്യാപിച്ചതിന് ശേഷം മാത്രം ബാർ ലൈസൻസ് നൽകിയാൽ മതിയെന്നായിരുന്നു മന്ത്രി എം. ലിജുവിന്റെ നിർദേശം. ഇത് മറികടന്നാണ് ഡെപ്യൂട്ടി കമ്മീഷണർമാർ ബാറുകൾക്ക് അനുമതി നൽകിയതെന്ന് മന്ത്രി അതൃപ്തി അറിയിച്ചു. എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒന്നും ബാറുകൾക്കാണ് അനുമതി ലഭിച്ചത്. അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ തുടർനടപടികളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ കമ്മീഷണറോട് മന്ത്രി ആവശ്യപ്പെട്ടു.
FL 11 ലൈസൻസുണ്ടായിരുന്ന ബിയർ വൈൻ പാർലറുകളുടെ ലൈസൻസ് പുതുക്കുന്നതിന്റെ മറവിലാണ് ബാർ ലൈസൻസ് നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പുതിയ ബാറുകൾ അനുവദിക്കണമെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും ഓർമിപ്പിച്ചു.
അതിനിടെ, സംസ്ഥാനത്തെ ബാറുകളിൽ മദ്യം നൽകുന്നതിനുള്ള പ്രായപരിധി സംബന്ധിച്ച നിർദേശത്തിൽ മന്ത്രി എം. ലിജു വ്യക്തത വരുത്തി. എല്ലാവരുടെയും ആധാർ പരിശോധിക്കണമെന്നല്ല, 23 വയസ്സായില്ലെന്ന് സംശയം തോന്നുന്നവരുടെ ആധാർ മാത്രം പരിശോധിച്ചാൽ മതിയെന്നാണ് നിർദേശമെന്ന് മന്ത്രി പറഞ്ഞു. കുട്ടിയാണെന്ന് തോന്നിയാൽ ആധാർ ഉറപ്പായും പരിശോധിച്ച ശേഷമേ മദ്യം നൽകാവൂ. തന്റെ പ്രതികരണം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 ആണെന്നും ഇത് കർശനമായി പാലിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു. ഈ നിബന്ധന പാലിക്കാത്തതാണ് നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടം അടക്കമുള്ള സംഭവങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്തമാണ് ആധാർ പരിശോധന എന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ എക്സൈസ് നയം നവംബറിൽ പ്രാബല്യത്തിൽ വരുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ മദ്യനയം യുഡിഎഫിന്റേതാകില്ലെന്നും എം. ലിജു വ്യക്തമാക്കി.

