ഡല്‍ഹിയില്‍ രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന്, മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി പുറത്താക്കുന്നതിനായി പ്രതിപക്ഷ ഇന്ത്യ സഖ്യം പ്രഖ്യാപിച്ചിരുന്ന ‘ജനങ്ങളുടെ കുറ്റവിചാരണ’ ഇന്നത്തേക്കു മാറ്റിവച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന സഖ്യത്തിലെ മുതിര്‍ന്ന നേതാക്കളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. മഴയത്തിരുന്ന് പ്രതിഷേധിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് മാറ്റമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ അറിയിച്ചു.
ന്യൂഡല്‍ഹിയിലെ രാജാജി മാര്‍ഗിലുള്ള ഖാര്‍ഗെയുടെ പത്താം നമ്പര്‍ വസതിയിലാണ് ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക കുറ്റവിചാരണ നടക്കേണ്ടിയിരുന്നത്. നാളെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ചിട്ടുള്ള “ചലോ ദില്ലി” ബഹുജന പ്രക്ഷോഭ റാലിയുടെ മുന്നോടിയായാണ് ഈ കുറ്റവിചാരണ സംഘടിപ്പിക്കുന്നത്.
അതിനിടെ, ഡല്‍ഹിയിലേക്ക് ആളുകള്‍ എത്തുന്നത് തടയാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പരമാവധി ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങള്‍ക്കിടയില്‍ വലിയ രോഷവും വൈകാരിക വേദനയുമുണ്ടെന്നും ഇത് സര്‍ക്കാരിനെതിരായ ഒറ്റപ്പെട്ട പ്രതിഷേധമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

