സർക്കാർ രൂപീകരണത്തിന് ശേഷമുളള യുഡിഎഫിൻെറ ആദ്യ യോഗം വ്യാഴാഴ്ച 

സർക്കാർ രൂപീകരണത്തിന് ശേഷമുളള യുഡിഎഫിൻെറ ആദ്യ യോഗം വ്യാഴാഴ്ച 

സർക്കാർ രൂപീകരണത്തിന് ശേഷമുളള യുഡിഎഫിൻെറ ആദ്യ യോഗം വ്യാഴാഴ്ച ചേരുമ്പോള്‍ പരിഗണനയിലേക്ക് വരാനിരിക്കുന്നത് നിരവധി സുപ്രധാന വിഷയങ്ങള്‍. വ്യാഴാഴ്ച രാവിലെ 11ന് ക്ളിഫ് ഹൌസിലാണ് യുഡിഎഫ് യോഗം ചേരുക. മുന്നണിയുടെ ചെയർമാനായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൌസിലേക്ക് പത്ത് വർഷത്തിന് ശേഷമാണ് യുഡിഎഫ് യോഗം എത്തുന്നത്.

സർക്കാരിലെ ബോർഡ് – കോർപ്പറേഷൻ വീതം വെയ്പായിരിക്കും യോഗത്തിൻെറ അജണ്ട. എന്നാല്‍ സർക്കാരിൻെറ ആദ്യ ബജറ്റിനെ തന്നെ വിവാദത്തിലാക്കിയ വീര്യം കുറഞ്ഞ മദ്യത്തിൻെറ നികുതി കുറയ്ക്കാനുളള നിർദ്ദേശമായിരിക്കും പ്രധാന വിഷയമായി മാറാൻ പോകുന്നത്. വീര്യം കുറഞ്ഞ മദ്യത്തിൻെറ നികുതിയിളവ് മുന്നണിയോഗത്തിൻെറ തീരുമാനപ്രകാരമേ പ്രാബല്യത്തില്‍ കൊണ്ടുവരികയുളളു എന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയ്ക്ക് അകത്തും പുറത്തും നല്‍കിയിട്ടുളള ഉറപ്പ്. നികുതി കുറയ്ക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാൻ യുഡിഎഫിൻെറ ഉപസമിതി രൂപീകരിക്കാനും സാധ്യതയുണ്ട്.

വീര്യം കുറഞ്ഞ മദ്യത്തിൻെറ നികുതി കുറയ്ക്കുന്നത് മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനത്തിന് വിരുദ്ധമാണെന്നാണ് മുസ്ളീം ലീഗ് നേരത്തെ പ്രകടിപ്പിച്ചിട്ടുളള അഭിപ്രായം. കോണ്‍ഗ്രസ് നേതാക്കളും സമാനമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാനത്തെ മദ്യനയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തർക്കങ്ങളും യോഗം വിലയിരുത്തും. ടൂറിസം മേഖലയുടെ പ്രോത്സാഹനവും റവന്യൂ വരുമാനവും മുൻനിർത്തി കൈക്കൊള്ളേണ്ട നിലപാടുകളില്‍ മുന്നണിക്കുള്ളില്‍ ധാരണ രൂപപ്പെടുത്താനാണ് നീക്കം.

പി.എം.ശ്രീ പദ്ധതിയുടെ തുടർച്ചയിലും യുഡിഎഫിൻെറ നയപരമായ തീരുമാനം വരേണ്ടതുണ്ട്. മുന്നണിയുടെ നയവും നിലപാടുകളും അനുസരിച്ചാണോ സർക്കാർ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഉന്നതാധികാര സമിതി രൂപീകരിക്കുന്നതും വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തിൻെറ പരിഗണനയ്ക്ക് വരുമെന്നാണ് സൂചന. യുഡിഎഫ് യോഗത്തിലെ തീരുമാനങ്ങള്‍ വരും ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തിലും സർക്കാരിന്റെ നയരൂപീകരണത്തിലും നിർണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്. സർക്കാരിലെ ബോർഡ് – കോർപ്പറേഷൻ വീതം വെയ്പ് സംബന്ധിച്ച കാര്യങ്ങളില്‍ വേഗത്തില്‍ തീർപ്പുണ്ടാകണം എന്നാണ് ഘടകകക്ഷികളുടെ ആവശ്യം.

പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോർഡുകള്‍, കോർപ്പറേഷനുകള്‍ എന്നിവയിലെ അധ്യക്ഷ സ്ഥാനങ്ങളും മറ്റ് പ്രധാന പദവികളും ഘടകകക്ഷികള്‍ക്കിടയില്‍ വിഭജിക്കുന്നത് സംബന്ധിച്ച പ്രാഥമിക ചർച്ചകള്‍ നടക്കും. മുൻഗണനയും അർഹമായ പ്രാതിനിധ്യവും ഉറപ്പാക്കണമെന്ന് പ്രധാന ഘടക കക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെടും. മുന്നണിയിലെ മുതിർന്ന നേതാക്കള്‍ക്കും പ്രമുഖ ഘടകകക്ഷി പ്രതിനിധികള്‍ക്കും കാബിനറ്റ് പദവിയോടെയുള്ള സ്ഥാന മാനങ്ങള്‍ നല്‍കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ചീഫ് വിപ്പ് സ്ഥാനം ഉള്‍പ്പെടെയുള്ള പദവികള്‍ക്കായി ചില ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ട്.

മുൻ മന്ത്രിയായ ഡോ.എം.കെ.മുനീറിന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി നല്‍കണമെന്നാണ് മുസ്ളീം ലീഗിൻെറ ആവശ്യം. എന്നാല്‍ പാർട്ടി ചെയർമാൻ പി.ജെ.ജോസഫിന് വേണ്ടി കേരളാ കോണ്‍ഗ്രസും ഈ പദവി ആവശ്യപ്പെടുന്നു. മന്ത്രിസ്ഥാനം ലഭിക്കാതെ പോയ പാല എം.എല്‍.എ മാണി.സി.കാപ്പൻ, സീറ്റ് ലഭിക്കാതെ പോയ ഫോർവേഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജൻ എന്നിവരും കാബിനറ്റ് റാങ്കിന് വേണ്ടി ശക്തമായി രംഗത്തുണ്ട്. നോർക്ക വൈസ് ചെയർമാൻ സ്ഥാനത്തില്‍ കണ്ണുംനട്ടാണ് മാണി.സി.കാപ്പൻെറ നീക്കം.

ഡല്‍ഹിയിലെ കേരളത്തിൻെറ പ്രത്യേക പ്രതിനിധി സ്ഥാനം ലക്ഷ്യമിട്ടാണ് ഫോർവേഡ് ബ്ളോക്ക് നേതാവ് ജി.ദേവരാജൻ കാബിനറ്റ് പദവി ആവശ്യപ്പെടുന്നത്. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നല്‍കാൻ സാധിക്കുന്നില്ലെങ്കില്‍ വയോജന കമ്മീഷൻ അധ്യക്ഷസ്ഥാനമെങ്കിലും ഡോ. എം.കെ.മുനീറിന് കൊടുക്കണമെന്നാണ് മുസ്ളീം ലീഗിൻെറ ആവശ്യം. ലീഗിൻെറ ആവശ്യത്തെ കൈയ്യൊഴിയാനാകാത്തത് കൊണ്ട് മുനീറിന് ഭരണപരിഷ്കാര കമ്മീഷനോ വയോജന കമ്മീഷനോ ലഭിക്കുമെന്ന് ഉറപ്പാണ്.