വയനാട്:ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ വമ്ബൻ സ്രാവുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ‘ശബരിമലയിലെ അടിച്ചുമാറ്റിയ സ്വർണം എവിടെയെന്ന് കണ്ടെത്തണം. ആളുകളെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. അന്വേഷണം ശക്തമാക്കണം’ ചെന്നിത്തല പറയുന്നു.’വൻ സ്രാവുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പാർട്ടിയുമായി ബന്ധമുള്ള രണ്ടുപേരെയാണ് എസ്‌ഐടിയിലേക്ക് കൊടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നത്. സാക്ഷാല്‍ അയ്യപ്പനോട് കളിച്ചിട്ടുള്ളവരെല്ലാം അനുഭവിക്കുക തന്നെ ചെയ്യും. അങ്ങനെ അനുഭവിച്ചിട്ടുമുണ്ട്’ മുൻ മന്ത്രി കൂടിയായ അദ്ദേഹം അറിയിച്ചു
ശശി തരൂരും കേരളത്തിലെ കോണ്‍ഗ്രസുമായി യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ രമേശ് ചെന്നിത്തല. ശശി തരൂർ എല്ലാ കാര്യത്തിലും സഹകരിക്കുന്നുണ്ട്. രണ്ട് ദിവസത്തെ ക്യാമ്ബില്‍ പങ്കെടുക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിനെ ശൈലി വ്യത്യസ്‌തമാണെന്നും 100 ശതമാനം കോണ്‍ഗ്രസുകാരൻ അല്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.’ശശി തരൂർ 100 ശതമാനം പാർട്ടിക്കാരനല്ല. ഞങ്ങളെയൊക്കെപ്പോലെ പ്രവർത്തനമല്ല അദ്ദേഹത്തിന്റേത്. മറ്റൊരു തലത്തില്‍ പ്രവർത്തിക്കുന്നയാളാണ്. ചില കാര്യങ്ങളിലൊക്കെ അഭിപ്രായം പറയും. എന്നുകരുതി അദ്ദേഹം കോണ്‍ഗ്രസുകാരനല്ലെന്ന് എങ്ങനെ പറയാൻ കഴിയും?’ എന്നായിരുന്നു തരൂരിനെ കുറിച്ച് രമേശ് ചെന്നിത്തലയുടെ ചോദ്യം.
കെപിസിസി സംഘടിപ്പിച്ച രണ്ട് ദിവസത്തെ ലക്ഷ്യ 2026 നേതൃത്വ ക്യാമ്ബ് പാർട്ടിക്ക് പുതിയ ലക്ഷ്യം നല്‍കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പാർലമെന്റ് തിരഞ്ഞെടുപ്പില്‍, യുഡിഎഫ് 20 സീറ്റുകളില്‍ 18ഉം നേടി, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഞങ്ങള്‍ അതിശയകരമായ വിജയം നേടിയെന്നും രമേശ് ചെന്നിത്തല പറയുന്നു.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി ഞങ്ങള്‍ ഒരു റോഡ് മാപ്പ് തയ്യാറാക്കുകയാണ്. ഈ ക്യാമ്ബ് കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിക്ക് ഒരു പുതിയ ദിശാബോധം നല്‍കും. ഞങ്ങള്‍ കേരളത്തില്‍ സർക്കാർ രൂപീകരിക്കാൻ പോവുകയാണ്. 100 സീറ്റ് നേടി കേരളത്തില്‍ സർക്കാറുണ്ടാക്കും. അതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ലക്ഷ്യ 2026’ എന്ന ദ്വിദിന നേതൃത്വ ക്യാമ്ബ് വയനാട്ടിലെ സുല്‍ത്താൻ ബത്തേരിയിലാണ് നടക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനും പാർട്ടിയെ സജ്ജമാക്കുന്നതിനുമാണ് ഈ നേതൃത്വ ക്യാമ്ബ് സംഘടിപ്പിച്ചിരിക്കുന്നത്. മുതിർന്ന കെപിസിസി നേതാക്കള്‍, പാർട്ടി എംഎല്‍എമാർ, എംപിമാർ, പോഷക സംഘടനകളുടെ ഭാരവാഹികള്‍ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.







