കമ്പനിയിൽ നിന്ന് ഏകദേശം രണ്ട് കോടി രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന മലയാളി യുവതി കൊച്ചിയിൽ പോലീസ് പിടിയിലായി. എറണാകുളം ആര്യങ്കാവ് കുളയേട്ടിക്കര സ്വദേശിയായ ശ്രുതി സി.ആർ (34) ആണ് കൊച്ചി പോലീസിന്റെ സഹായത്തോടെ മുംബൈ മാഹിം പോലീസിന്റെ വലയിലായത്.താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നാണ് ഇവർ പണം തട്ടിയതെന്നാണ് കേസ്. കമ്പനിയുടെ എം.ഡി നൽകിയ പരാതിയെ തുടർന്നാണ് മാഹിം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് പേരാണ് കേസിൽ പ്രതികളായുള്ളത്.
കമ്പനിയുടെ മുംബൈ ഓഫീസിലെ ജീവനക്കാരിയായിരുന്ന മുംബൈ ന്യൂ പ്രഭാദേവി റോഡ് സ്വദേശി ശ്രുതി സഞ്ജയ് വലവാൽക്കറാണ് ഒന്നാം പ്രതി. ഇവരെ 2026 ഓഗസ്റ്റ് 20-ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തട്ടിപ്പ് പുറത്തറിയുകയും കേസ് രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തതോടെ കമ്പനിയുടെ എറണാകുളം ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്ന രണ്ടാം പ്രതി ശ്രുതി സി.ആർ ഒളിവിൽ പോയി. ഇതിനിടെ ഇവർ മുംബൈ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.
കഴിഞ്ഞ 57 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്തുന്നതിനായി മുംബൈ പോലീസ് കൊച്ചി സിറ്റി പോലീസിന്റെ സഹായം തേടുകയായിരുന്നു. എറണാകുളം സെൻട്രൽ എ.സി.പി സിബി ടോമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കാക്കനാട് നിലം പതിഞ്ഞമുകളിലെ ‘സൊലാസ് വില്ലേജ് ആൽഫാ റസിഡൻസിയിൽ’ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചത്. തുടർന്ന് മുംബൈ മാഹിം പോലീസ് കൊച്ചി പോലീസിന്റെ സഹായത്തോടെ ഇവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയ ശേഷം മുംബൈയിലേക്ക് കൊണ്ടുപോയി.
പ്രതിയെ സഹായിച്ചവരെയും പണം മാറ്റുന്നതിനായി സഹായം ചെയ്തു നൽകിയവരെയും കണ്ടെത്തി കേസിൽ പ്രതി ചേർക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ഇ.എം. ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ പി. ജലീൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത് ബാബു, ഹരീഷ് ബാബു, വിപിൻ, ഷിജിത്ത്, അജിലേഷ്, ഷിബു എന്നിവരും ഉണ്ടായിരുന്നു

