അടുത്ത മാസം മൂന്നു മുതല് സംസ്ഥാനത്ത് സ്വകാര്യ ബസുകള് അനിശ്ചിതകാലത്തേക്ക് സര്വീസ് നിര്ത്തിവയ്ക്കും. മിനിമം ചാര്ജ് വര്ധന ഉള്പ്പെടെയുള്ള ആവശ്യങ്ങള് മുന്നോട്ടുവച്ചാണ് ബസുടമകളുടെ എട്ടു സംഘടനകള് ചേര്ന്ന് സമരം പ്രഖ്യാപിച്ചത്.കൊച്ചിയിലെ കേരള ബസ് ട്രാന്സ്പോര്ട്ടേഴ്സ് അസോസിയേഷന് ഓഫീസില് ചേര്ന്ന സംഘടനകളുടെ സംയുക്ത യോഗമാണ് പണിമുടക്കിനു തീരുമാനമെടുത്തത്.
കെഎസ്ആര്ടിസിയുടെ പ്രിയദര്ശിനി സൗജന്യ ബസ് സര്വീസുകള് സ്വകാര്യ മേഖലയ്ക്ക് വലിയ ആഘാതമായെന്ന് ബസുടമകള് പറയുന്നു. ഈ പദ്ധതി തുടങ്ങിയതോടെ വരുമാനം കുത്തനെ ഇടിഞ്ഞെന്നും, ഇനിയും സര്വീസ് തുടരാന് കഴിയില്ലെന്നും അവര് വ്യക്തമാക്കി. വ്യവസായം നേരിടുന്ന പ്രതിസന്ധി നേരത്തേ തന്നെ സര്ക്കാരിനെ ധരിപ്പിച്ചിരുന്നതാണെന്നും അവര് ചൂണ്ടിക്കാട്ടുന്നു.
2022-ല് നിശ്ചയിച്ച നിരക്കിലാണ് സ്വകാര്യ ബസുകള് ഇപ്പോഴും ഓടുന്നത്. വിദ്യാര്ത്ഥികളുടെ കണ്സഷന് നിരക്കാകട്ടെ 2011-നു ശേഷം പുതുക്കിയിട്ടില്ല. അതിനാല് മിനിമം നിരക്കും വിദ്യാര്ത്ഥി കണ്സഷനും കൂട്ടണമെന്നാണ് ഉടമകളുടെ ആവശ്യം.ഇതിനു പുറമേ, ഈ മേഖലയെ നിലനിര്ത്താന് സര്ക്കാര് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അവര് ആവശ്യപ്പെടുന്നു.

