തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ സ്വകാര്യ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാവിലെ എത്തി, മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ സമൻസ് ചുവരിൽ പതിച്ചു. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. ഇഡി സംഘം എത്തുമ്പോൾ പിണറായിയും ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നില്ല. പിണറായി അപ്പോൾ കണ്ണൂരിലായിരുന്നു.
സമൻസ് തപാലിൽ ലഭിക്കുമെന്നു കരുതിയിരിക്കെയാണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി അത് പതിച്ചത്. മ്യൂസിയം പൊലീസിനെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു നോട്ടീസ് ഒട്ടിച്ചത്. നോട്ടീസ് കൈപ്പറ്റിയില്ലെന്നോ കിട്ടിയില്ലെന്നോ പറഞ്ഞ് ഒഴിഞ്ഞുമാറാൻ അവസരം നൽകാതിരിക്കുന്നതിനാണ് ഈ നടപടിയെന്നാണ് വിവരം.
ഇഡി ഉദ്യോഗസ്ഥരുടെ വിശദീകരണം ഇങ്ങനെയാണ്: നേരത്തേ മെയിലിൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ അത് ലഭിച്ചെന്ന് അറിയിച്ചുള്ള മറുപടി പിണറായിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അതിനാലാണ് വീട്ടിൽ പതിക്കേണ്ടിവന്നത്. പിഎംഎൽഎ പ്രകാരം നോട്ടീസ് ഏറ്റെടുക്കാൻ ആരെങ്കിലും വിസമ്മതിച്ചാൽ താമസസ്ഥലത്ത് പതിക്കാൻ വ്യവസ്ഥയുണ്ട്. ഇത് നിയമപ്രകാരമുള്ള നടപടിയാണെന്നും ചുമരിൽ ഒട്ടിച്ചതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും ആരും സ്വീകരിക്കാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്നും അവർ ആവർത്തിച്ചു.
അതേസമയം, പിണറായിയെ അപമാനിക്കാനുള്ള നീക്കമാണിതെന്ന നിലപാടിലാണ് സിപിഎം. വിഷയത്തിൽ രാഷ്ട്രീയമായ എതിർപ്പ് ശക്തമാക്കാനാണ് പാർട്ടിയുടെ തീരുമാനം. സംഭവം അറിഞ്ഞതോടെ മുൻ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കൾ പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തിയിരുന്നു.
വെള്ളിയാഴ്ച പിണറായി ഹാജരാകില്ല. സുപ്രീം കോടതിയുടെ നിലപാടിനായി കാത്തിരിക്കാനാണ് തീരുമാനം. പിണറായിയെ ചോദ്യം ചെയ്യുന്നതിന് ഉന്നത ഉദ്യോഗസ്ഥരെ രംഗത്തിറക്കാനാണ് ഇഡിയുടെ നീക്കം. സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെയുള്ളവർ ദില്ലിയിൽ നിന്ന് കൊച്ചിയിലെത്തിയാകും ചോദ്യം ചെയ്യൽ നടത്തുക. അതിവേഗത്തിലും അതീവ ശ്രദ്ധയോടെയുമാണ് ഇഡി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്, വീട്ടിൽ സമൻസ് പതിച്ചതും അതിന്റെ ഭാഗമായാണ്.

