പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയോട് നിർദേശിച്ച് ലീഗ് നേതൃത്വം. ഭരണപരിഷ്കാര കമ്മീഷൻ വിവാദം കോൺഗ്രസിലെ വിഭാഗീയതയുടെ ഭാഗമെന്ന് മലപ്പുറത്തെ വാഴയൂരിൽ നടന്ന നൂറു ദിന അവലോകന യോഗത്തെ പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും മാധ്യമങ്ങൾക്ക് മുമ്പാകെയും പൊതുവിലും സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും നിർദേശിച്ചിട്ടുണ്ട്.
മന്ത്രിമാർ എംഎൽഎമാർ എംപിമാർ എന്നിവരുടെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിലാണ് പാണക്കാട് തങ്ങൾ വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സമൂഹമാധ്യമ പോസ്റ്റുകളിലും ശ്രദ്ധ ഉണ്ടാകണമെന്നും മന്ത്രിമാർക്ക് നിർദ്ദേശം നൽകിയത്. കെഎം ഷാജിയുടെ ആഡംബരക്കാർ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ആയിരുന്നു തങ്ങളുടെ ഈ പരാമർശങ്ങൾ. എന്നാൽ ഷാജിയെ പേരെടുത്ത് പരാമർശിച്ചില്ല. ഷാജിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ആമുഖ പ്രസംഗത്തിൽ തങ്ങൾ ചോദിച്ചെങ്കിലും ഷാജി പിന്നീട് പ്രസംഗിച്ചപ്പോൾ ഇക്കാര്യം പരാമർശിച്ചില്ല.
പി എം ശ്രീയിൽ നിന്ന് പിന്മാറാൻ ആവില്ല എന്ന് മന്ത്രി ഷംസുദ്ദീൻ യോഗത്തെ അറിയിച്ചെങ്കിലും തൽക്കാലം ചാടിക്കയറി നടപടികൾ വേണ്ടെന്നാണ് നിർദേശം. ഭരണപരിഷ്കാര കമ്മീഷൻ നിയമനം മുന്നണിയിൽ ചർച്ചചെയ്ത് യോജിപ്പോടെ എടുത്തതാണെന്നും വിവാദത്തിൽ കഴമ്പില്ലെന്ന് പി കെ കഞ്ഞാലിക്കുട്ടി ലീഗ് യോഗത്തെ അറിയിക്കുകയും ചെയ്തു. മണ്ഡലത്തിലും സംസ്ഥാനത്തും ചെയ്യേണ്ടുന്ന വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് വിദഗ്ധർ പങ്കെടുത്ത ഓറിയന്റേഷൻ ക്ലാസുകളും ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വികസന പ്രവർത്തനങ്ങൾക്ക് പ്ലാൻ ഉണ്ടാക്കാനും പാർട്ടി നിർദ്ദേശിച്ചു.

